ക്ഷീണവും ശരീരവേദനയും മുടികൊഴിച്ചിലുമെല്ലാം പലപ്പോഴും നമ്മളെ അലട്ടുന്ന പ്രശ്നങ്ങളാണ്. വിറ്റാമിൻ ഡി ശരീരത്തിൽ കുറയുന്നതിന്റെ ലക്ഷണങ്ങളാണിവ. വിറ്റാമിൻ ഡിയുടെ പ്രധാന സ്രോതസ് സൂര്യപ്രകാശമാണെങ്കിലും നമ്മൾ കഴിക്കുന്ന ഡയറ്റിലും ഇതിന്റെ വലിയ സ്വാധീനമുണ്ട്. ഭക്ഷണരീതിയിലുള്ള മാറ്റം ഈ പ്രശ്‌നത്തിന് പരിഹാരം കാണാൻ സാധിക്കും. ശരീരത്തിന്റെ പ്രതിരോധ ശേഷി കൂട്ടാനും കാത്സ്യത്തിന്റെ ആഗിരണത്തിനും ഇത് വളരെ അത്യന്താപേക്ഷികമാണ്. വിറ്റാമിൻ ഡി ലഭിക്കുന്ന ഭക്ഷണങ്ങൾ ഏതെല്ലാമാണെന്ന് അറിഞ്ഞിരിക്കാം.
പൊതുവേ എല്ലാവർക്കും കഴിക്കാൻ മടിയുള്ള ഒന്നാണ് മുട്ടയുടെ മഞ്ഞ. മുട്ട കഴിച്ചാലും മഞ്ഞക്കരു ഒഴിവാക്കാറാണ് പലരും ചെയ്യുന്നത്. എന്നാൽ മുട്ടയുടെ മഞ്ഞയിൽ വലിയ അളവിൽ വിറ്റാമിൻ ഡി അടങ്ങിയിട്ടുണ്ട്. പതിവായി രാവിലെ മുട്ട കഴിച്ചാൽ വിറ്റാമിൻ ഡി കുറയുന്നത് കൊണ്ടുള്ള പ്രശ്‌നങ്ങൾ ഒഴിവാക്കാം. ഡയറ്റിൽ പാൽ, തൈര്, ബട്ടർ, ചീസ് തുടങ്ങിയ പാൽ ഉത്പന്നങ്ങൾ ഉൾപ്പെടുത്തണം. ഇതിൽ നിന്നെല്ലാം ശരീരത്തിന് ആവശ്യമായ വിറ്റാമിൻ ഡി ലഭിക്കും.
വിറ്റാമിൻ ഡിയുടെ നല്ല ഉറവിടമാണ് കൂൺ. കൊഴുപ്പ് കുറഞ്ഞതും എന്നാൽ പോഷകങ്ങൾ ധാരാളമുള്ളതുമാണ് ഇവ. വിറ്റാമിൻ ഡി കുറയുന്നതിന്റെ പ്രശ്‌നമുള്ളവർ കൂൺ ആഴ്ചയിൽ രണ്ട് ദിവസം ഡയറ്റിൽ ഉൾപ്പെടുത്തിയാൽ ഗുണം ചെയ്യും.
ദിവസവും ഏത്തപ്പഴം കഴിക്കുന്നത് വളരെ ഗുണം ചെയ്യും. മഗ്‌നീഷ്യം ധാരാളം അടങ്ങിയ ഏത്തപ്പഴം വിറ്റാമിൻ ഡിയുടെ പ്രവർത്തനത്തെ ഉത്തേജിപ്പിക്കും. വിറ്റാമിൻ ഡിയുടെ ഉറവിടമാണ് 'സാൽമൺ' മത്സ്യം. അതിനാൽ ഇവ കഴിക്കുന്നത് വിറ്റാമിൻ ഡിയുടെ കുറവ് പരിഹരിക്കാൻ പ്രയോജനം ചെയ്യും. മിതമായ അളവിൽ റെഡ് മീറ്റ് കഴിക്കുന്നതും നല്ലതാണ്.
കറിവേപ്പില വിറ്റാമിൻ ഡിയുടെ നല്ലൊരു സ്രോതസാണ്. ഇത് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് വിറ്റാമിൻ ഡി കുറയുന്നത് കൊണ്ടുള്ള പ്രശ്‌നങ്ങളെ അകറ്റും. നട്‌സുകളായ ബദാം, അണ്ടിപ്പരിപ്പ് തുടങ്ങിയിലും വിറ്റാമിൻ ഡി അടങ്ങിയിട്ടുണ്ട്.
ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് നല്ലൊരു പ്രതിവിധിയാണ്. വിറ്റാമിൻ സിയും ഡിയും ഒരുപോലെ ലഭിക്കാൻ ഇത് സഹായിക്കും. രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ ഇത് പ്രധാനമായും സഹായിക്കും. ധാന്യങ്ങളിലും പയർ വർഗങ്ങളിലും വിറ്റാമിൻ ഡി അടങ്ങിയിട്ടുണ്ട്. ഇവ കഴിക്കുന്നതും വിറ്റാമിൻ ഡി ലഭിക്കാൻ സഹായിക്കും. ഗോതമ്പ്, റാഗ്ഗി, ഓട്‌സ് എന്നിവ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തിൽ മാറ്റം വരുത്തുന്നതാണ് ആരോഗ്യത്തിന് നല്ലത്.)