രണ്ടാഴ്ചത്തെ ഇടവേളയ്ക്കു ശേഷം ഇന്ന് ഐഎസ്എൽ പുനരാരംഭിക്കുമ്പോൾ രാത്രി 7.30ന് ജെആർഡി ടാറ്റ സ്പോർട്സ് കോംപ്ലക്സിൽ ജംഷഡ്പൂർ എഫ്സിയെ നേരിടാൻ തയ്യാറായികഴിഞ്ഞു കേരള ബ്ലാസ്റ്റേഴ്സ്.അവധിക്കാലം കഴിഞ്ഞ് ഗോദയിലേയ്ക്ക് മടങ്ങിയെത്തുമ്പോൾ കേരളത്തിന്റെ കൊമ്പന്മാരുടെ ഏക ലക്ഷ്യം ഐഎസ്എൽ പ്ലേഓഫ് മാത്രം.വിജയ-പരാജയങ്ങളിലൂടെ വന്ന ബ്ലാസ്റ്റേഴ്സ് നിലവിൽ പോയിന്റ് നിലയിൽ അഞ്ചാം സ്ഥാനത്താണ്. ബ്ലാസ്റ്റേഴ്സിനേക്കാൾ 8 പോയിന്റ് പിന്നിലാണ് ആറാം സ്ഥാനക്കാരായ പഞ്ചാബ് എഫ്സി.അതിനാൽ പ്ലേ ഓഫ് സ്ഥാനം സാങ്കേതികമായി ഉറച്ച നിലയിലാണെന്നതാണ് സത്യം.
ഒരു തരത്തിൽ പറഞ്ഞാൽ കേരള ബ്ലാസ്റ്റേഴ്സിനിത് പരിക്കുകളുടെ സീസണാണ്. കൊമ്പന്മാരുടെ ലിറ്റിൽ മജീഷ്യൻ എന്ന് ആരാധകർ വിശേഷിപ്പിക്കുന്ന ടീമിലെ സൂപ്പർതാരം അഡ്രിയൻ ലൂണ മുതൽ ഗോൾകീപ്പർ സച്ചിൻ സുരേഷ്,പെപ്ര വരെയുള്ള താരങ്ങൾ പരുക്കേറ്റു പുറത്തായതാണ് പട്ടികയിൽ ഒന്നാംസ്ഥാനക്കാരായിരുന്ന ബ്ലാസ്റ്റേഴ്സിനെ അഞ്ചാംസ്ഥാനത്തേക്ക് ഒതുങ്ങേണ്ടിവന്നത്. കഴിഞ്ഞ 5 മത്സരങ്ങളിൽ നാലിലും തോൽക്കേണ്ടിവന്നത് ആദ്യ നാലുസ്ഥാനക്കാരിൽ ഒരാളായി പ്ലേഓഫിൽ കടക്കാനുള്ള സാധ്യതയ്ക്കു മങ്ങലേൽപ്പിച്ചു.
സീസണിൽ 18 കളികളിൽ നിന്ന് 29 പോയിന്റാണു ബ്ലാസ്റ്റേഴ്സ് ഇതുവരെ നേടിയത്. 41 പോയിന്റുള്ള മുംബൈ സിറ്റി, 39 പോയിന്റുള്ള മോഹൻ ബഗാൻ, 36 പോയിന്റുള്ള ഗോവ, 35 പോയിന്റുള്ള ഒഡീഷ എന്നിവർ ആദ്യ നാലു സ്ഥാനങ്ങളിൽ നിലയുറപ്പിച്ചിരിക്കുകയാണ്.പ്ലേ ഓഫിലെത്തും മുൻപ് ‘ഫോം’ വീണ്ടെടുക്കാൻ തയ്യാറാണ് ബ്ലാസ്റ്റേഴ്സ്.മഞ്ഞപ്പടയെന്ന ആരാധകക്കൂട്ടം പ്രതീക്ഷിക്കുന്നതും ബ്ലാസ്റ്റേഴ്സിന്റെ തിരിച്ചുവരവാണ്. ലീഗിൽ ഷൂട്ടുകളുടെ കൃത്യതയിൽ 75% എന്ന മികവ് പുലർത്തുന്ന ഗ്രീക്ക് ഫോർവേഡ് ദിമിത്രിയോസ് ഡയമന്റക്കോസിന്റെ ഗോളടി മികവിൽ ബ്ലാസ്റ്റേഴ്സ് വിജയം സ്വപ്നം കാണുന്നു.ഒപ്പം ലൂണയും പെപ്രയും സച്ചിനു കൂടി എത്തിയാൽ പിന്നെ എല്ലാം കള്ളറാകും.
ഇന്ന് നടക്കുന്ന മത്സരത്തിൽ 20 പോയിന്റുമായി പട്ടികയിൽ എട്ടാം സ്ഥാനത്തുള്ള ജംഷഡ്പൂരിന്റെ ഏക ലക്ഷ്യം വിജയം മാത്രമാണ്.പട്ടികയിൽ തൊട്ടുമുകളിലുള്ള ബംഗളൂരുവിനെയും പഞ്ചാബിനെയും മറികടന്ന് ആറാം സ്ഥാനത്തേക്കുകയറാൻ അവർക്കു വിജയം കൂടിയേ തീരൂ. കഴിഞ്ഞ 5 കളികളിൽ 2 വിജയമാണു ജംഷഡ്പൂരിന്റെ സമ്പാദ്യം. എന്നാൽ, ബ്ലാസ്റ്റേഴ്സുമായി ഏറ്റുമുട്ടിയ കഴിഞ്ഞ 5 കളികളിൽ ഒന്നിലും വിജയിക്കാനായില്ല എന്ന ചരിത്രവും ജംഷഡ്പൂരിനുണ്ട്.
സീസണിൽ ഇരു ടീമുകളും തമ്മിൽ ഏറ്റുമുട്ടിയ ആദ്യ കളിയിൽ 1–0ന് ബ്ലാസ്റ്റേഴ്സ് വിജയിച്ചിരുന്നു. ലൂണയുടെ ഗോളാണു വിജയം കൊണ്ടുവന്നത്. മത്സരങ്ങളുടെ അവസാന മിനിറ്റുകളിലെ സ്കോറിങ് മികവാണ് ജംഷഡ്പൂരിനെ അപകടകാരികളാക്കുന്നത്. കഴിഞ്ഞ മത്സരങ്ങളിൽ അവസാന 15 മിനിറ്റുകളിൽ അവർ 9 വട്ടം വലകുലുക്കി. പ്ലേ ഓഫിൽ ഇടംനേടുകയെന്ന ലക്ഷ്യം മുൻനിർത്തിയാണ് ഇന്നത്തെ മത്സരത്തിനിറങ്ങുന്നതെന്നു പരിശീലകൻ ഇവാൻ വുകുമനോവിച്ച് പറഞ്ഞു.എന്തായാലും വലിയ പ്രതീക്ഷയിലാണ് ഇരുടീമുകളുടേയും ആരാധകർ.