തിരുവനന്തപുരം: വിവരസാങ്കേതിക വ്യവസായ കേന്ദ്രമായി കേരളത്തെ വളര്‍ത്തുകയാണു സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊച്ചിയില്‍ നടത്തുന്ന ഡിജിറ്റല്‍ ഉച്ചകോടി 'ഹാഷ്ടാഗ് ഫ്യൂച്ചര്‍' മുന്നോടിയായി മാധ്യമ എഡിറ്റര്‍മാരുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു അദ്ദേഹം.
ഡിജിറ്റല്‍ സാങ്കേതികതയുടെ വികാസത്തിലെ സാധ്യതകള്‍ മുന്നില്‍ക്കണ്ടു കേരളം എങ്ങനെ ഒരുങ്ങണമെന്നു തീരുമാനിക്കാനും വിവര സാങ്കേതിക വ്യവസായ മേഖലയില്‍ നേട്ടമുണ്ടാക്കിയ പ്രമുഖരെ ഒരുമിച്ചുകൊണ്ടുവരാനും വിജ്ഞാന വിനിമയത്തിനു വേദിയുണ്ടാക്കാനും ഉച്ചകോടി സഹായിക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു.
ഉച്ചകോടിയില്‍ 2000 പ്രതിനിധികളും ആഗോളപ്രശസ്തരായ 30 വിദഗ്ധരും പങ്കെടുക്കും. മൈക്രോസോഫ്റ്റ് സിഇഒ: സത്യ നാദെല്ല, മൈക്രോസോഫ്റ്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേധാവി ജോസഫ് സിരോഷ് എന്നിവര്‍ വിഡിയോ കോണ്‍ഫറന്‍സ് വഴി പങ്കെടുക്കും. ഉദ്ഘാടനസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സമാപനസമ്മേളനത്തില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും മുഖ്യാതിഥികളാകും.
'ഹാഷ്ടാഗ് ഫ്യൂച്ചര്‍'- പൂര്‍ണ്ണമായും ഡിജിറ്റലില്‍
ഡിജിറ്റല്‍ രീതിയില്‍ സംസ്ഥാനത്തു നടത്തുന്ന ആദ്യ സമ്മേളനമാണിത്. കൊച്ചിയില്‍ 22, 23 തീയതികളില്‍ നടത്തുന്ന ഹാഷ്ടാഗ് ഫ്യൂച്ചര്‍ ഉച്ചകോടിയുടെ വേദിയും നടപടിക്രമങ്ങളും പൂര്‍ണമായും ഡിജിറ്റല്‍ സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായിരിക്കും.റജിസ്റ്റര്‍ ചെയ്യുന്നതു മുതല്‍ മൊബൈല്‍ ആപ്ലിക്കേഷനുകളും ക്യുആര്‍ (ക്വിക് റെസ്‌പോണ്‍സ്) കോഡും ഉപയോഗിച്ചായിരിക്കും ആശയവിനിമയം. പ്രതിനിധികള്‍ക്കു സമ്മേളനം കഴിഞ്ഞും ഇതിന്റെ പ്രയോജനം ലഭിക്കും.
ക്യുആര്‍ കോഡ് ഉപയോഗിച്ചായിരിക്കും പ്രവേശനം. ഉച്ചകോടിക്കായി ഹാഷ് ഫ്യൂച്ചര്‍ എന്ന ആപ് ഗൂഗിള്‍ പ്ലേസ്റ്റോറിലും ഐഒഎസിലും ലഭ്യമാകും. പ്രഭാഷകരോടുള്ള ചോദ്യങ്ങളും ഈ ആപ് വഴിയായിരിക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന കൈസാല എന്ന പ്ലാറ്റ്‌ഫോം വഴി പ്രഭാഷകരുമായി പ്രതിനിധികള്‍ക്കു നേരിട്ട് സംസാരിക്കാം. വിവിധ മേഖലകളില്‍നിന്നുള്ള പ്രശസ്തരായ 30 പേരാണു പ്രഭാഷകരായി എത്തുന്നത്.
ഉച്ചകോടി നടത്തുന്ന ലെമെറിഡിയന്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ അതിവേഗ വൈഫൈ സൗകര്യം ലഭ്യമാക്കും. സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച ഉന്നതാധികാര ഐടി സമിതിയാണ് (എച്ച്പിഐസി) ഉച്ചകോടി സംഘടിപ്പിക്കുന്നത്.