തിരുവനന്തപുരം: ഗുവാഹത്തിയിൽനിന്നു ദീർഘ ദൂരം സഞ്ചരിച്ച് തിരുവനന്തപുരത്ത് എത്തിയത് മഴകാണാനാണോ എന്ന ചോദ്യത്തിലാണ് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ. മത്സരത്തിനായി ടീം സഞ്ചരിച്ചത് ഏതാണ്ട് 2500 കിലോമീറ്റർ! ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ 2 ലോകകപ്പ് സന്നാഹ മത്സരങ്ങളാണ് അപ്രതീക്ഷിതമായെത്തിയ ന്യൂനമർദവും പെരുമഴയുമെടുത്തത്.
ഇന്നലെ ഇന്ത്യ–നെതർലൻഡ്സ് മത്സരം കനത്ത മഴയെത്തുടർന്ന് ടോസ് പോലും ഇടത്തെ ഉപേക്ഷിച്ചു. കഴിഞ്ഞ ദിവസം ഗുവാഹത്തിയിൽ ഇംഗ്ലണ്ടിനെതിരായ മത്സരവും ഒരു പന്തു പോലും എറിയാനാവാതെയാണ് ഉപേക്ഷിച്ചത്.
തിരുവനന്തപുരം സ്പോർട്സ് ഹബ് സ്റ്റേഡിയത്തിൽ, ചൊവ്വാഴ്ച പുലർച്ചെ മുതൽ പെയ്ത മഴയിൽ ഔട്ട്ഫീൽഡിൽ വെള്ളം കെട്ടി. ഉച്ചയ്ക്കു ശേഷം ഗ്രൗണ്ട് സ്റ്റാഫ് വെള്ളക്കെട്ട് നീക്കം ചെയ്തെങ്കിലും മഴ വീണ്ടുമെത്തി. ഇതോടെ, വൈകിട്ട് 4 മണിക്കു മത്സരം ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു.
കളികാണാൻ ടിക്കറ്റെടുത്തവർക്ക് പൈസ തിരികെ നൽകും, ഓൺലൈനായി എടുത്തവർക്ക് 10 ദിവസത്തിനുള്ളിലും, സ്റ്റേഡിയത്തിൽ നിന്ന് എടുത്തവർക്ക് ബുധനാഴ്ച വൈകിട്ട് 7 മാണി വരെയും നൽകും.ലോകകപ്പ് മത്സരങ്ങൾക്ക് പരിഗണിച്ചില്ലെങ്കിലും തിരുവനന്തപുരം സ്റ്റേഡിയത്തിന് 4 സന്നാഹ മത്സരങ്ങൾ ലഭിച്ച ആവേശത്തിലായിരുന്നു ക്രിക്കറ്റ് ആരാധകർ.പക്ഷെ 4 സന്നാഹ മത്സരങ്ങളും മഴ മൂലം ഉപേക്ഷിക്കേണ്ടിയും വന്നു.
ലോകകപ്പ് ഒക്ടോബർ 5 ന് അഹമ്മദാബാദിലാണ് തുടങ്ങുക. ആദ്യ മത്സരം ഇംഗ്ലണ്ടും ന്യൂസിലാൻഡും തമ്മിലാണ്. ഇന്ത്യയുടെ ആദ്യ മത്സരം ഒക്ടോബർ 8 നാണ് എതിരാളികൾ ഓസ്‌ട്രേലിയയും.