ബുലവായ: ഷോണ്‍ വില്യംസ് മുന്നില്‍നിന്ന് പട നയിക്കുമ്പോള്‍ സിംബാബ്വെ ടീമിന് ഭയക്കേണ്ട ആവശ്യമുണ്ടോ? ഏകദിന ക്രിക്കറ്റ് ലോകകപ്പ് ക്വാളിഫയര്‍ ടൂര്‍ണമെന്റിലെ 3-ാം സെഞ്ചറിയുമായി ഷോണ്‍ വില്യംസ് (103 പന്തില്‍ 142) തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവച്ച മത്സരത്തില്‍ ഒമാനെതിരെ സിംബാബ്വെയ്ക്ക് 14 റണ്‍സ് ജയം.
ഇന്ത്യന്‍ വംശജനായ ഓപ്പണര്‍ കശ്യപ് പ്രജാപതിയുടെ സെഞ്ചറിയിലൂടെ (103) ഒമാന്‍ അട്ടിമറി സൂചന നല്‍കിയെങ്കിലും ജയിക്കാന്‍ അതു മതിയായിരുന്നില്ല. സ്‌കോര്‍: സിംബാബ്വെ 7ന് 332, ഒമാന്‍ 9ന് 318.ജയത്തോടെ 6 പോയിന്റുമായി സൂപ്പര്‍ സിക്‌സ് റൗണ്ടില്‍ സിംബാബ്വെ ഒന്നാമതെത്തി.
ഇനി ഒരൊറ്റ മത്സരം കൂടി ജയിച്ചാല്‍ സിംബാബ്വെയ്ക്ക് ഏകദിന യോഗ്യത നേടാം. സൂപ്പര്‍ സിക്‌സ് റൗണ്ടില്‍ മുന്നിലെത്തുന്ന 2 ടീമുകള്‍ക്കാണ് യോഗ്യത. 2019ലെ ഏകദിന ലോകകപ്പിന് സിംബാബ്വെ ഇല്ലായിരുന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സിംബാബ്വെയ്ക്കു തുടക്കത്തില്‍ തന്നെ ഓപ്പണര്‍മാരായ ജോയ്ലോഡ് ഗംബിയെയും (21) ക്രിഗ് ഇര്‍വിനെയും (25) നഷ്ടമായി. മൂന്നാമനായി എത്തിയ ഷോണ്‍, മധ്യനിര ബാറ്റര്‍മാരെ കൂട്ടുപിടിച്ചു നടത്തിയ തീപാറും പോരാട്ടമാണ് സ്‌കോര്‍ 300 കടക്കാന്‍ സഹായിച്ചത്. കൂടാതെ ഓള്‍റൗണ്ടര്‍ സിക്കന്ദര്‍ റാസ (42) ഷോണിന് മികച്ച പിന്തുണ നല്‍കി.
ഒമാന് ഓപ്പണര്‍ ജതിന്ദര്‍ സിങ്ങിനെ (2) തുടക്കത്തിലേ നഷ്ടമായെങ്കിലും കശ്യപ് പ്രജാപതിയും അക്വിബ് ഇലിയാസും (45) ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 83 റണ്‍സുമായി ഇന്നിങ്‌സ് മുന്നോട്ടു നയിച്ചു. എന്നാല്‍ ഇരുവരും പുറത്തായതോടെ ഒമാന്റെ പ്രതിരോധം അവസാനിച്ചു.