പ്രീതി ആര്‍. നായര്‍
ചീഫ് ക്ലിനിക്കല്‍
ന്യുട്രിഷനിസ്റ്റ്
എസ്.യു.ടി. ആശുപത്രി
പട്ടം, തിരുവനന്തപുരം
മഴക്കാലം എത്തിക്കഴിഞ്ഞു, അതിനോടൊപ്പം രോഗങ്ങളും. ജലദോഷം, പനി, ടൈഫോയ്ഡ്, ഡെങ്കിപ്പനി തുടങ്ങിയ കൊതുക് പരത്തുന്ന രോഗങ്ങള്‍, വയറിലെ അണുബാധകള്‍ എന്നിവ മഴക്കാലത്ത് സാധാരണമാണ്. അതിനാല്‍ നമ്മള്‍ കഴിക്കുന്ന ഭക്ഷണം പോഷകപ്രദവും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതുമാകണം. മഴക്കാലത്ത് അന്തരീക്ഷത്തില്‍ ഉയര്‍ന്ന അളവില്‍ ഈര്‍പ്പം ഉണ്ടാകുന്നതിനാല്‍ നമ്മുടെ ദഹനവ്യവസ്ഥ മന്ദഗതിയിലാക്കുന്നു. കാലാവസ്ഥയ്ക്ക് അനുസരിച്ച് ഭക്ഷണത്തില്‍ മാറ്റങ്ങള്‍ വരുത്തണം.
ദഹിക്കാന്‍ ബുദ്ധിമുട്ടുള്ള ആഹാരങ്ങള്‍ ഒഴിവാക്കണം. ചെറുചൂടോടുകൂടി വേണം കഴിക്കാന്‍. കുടിക്കാന്‍ തിളപ്പിച്ച വെള്ളം മാത്രം ഉപയോഗിക്കാം. ശാരീരിക പ്രവര്‍ത്തനം താരതമ്യേന കുറവായതിനാല്‍ വിയര്‍ക്കുന്നത് കുറയും എന്ന് കരുതി വെള്ളം കുടിക്കാതിരിക്കരുത്. ഹോട്ടല്‍ ഭക്ഷണങ്ങള്‍ക്ക് പകരം വീട്ടില്‍ തന്നെ തയ്യാറാക്കുന്ന ആഹാരങ്ങള്‍ കഴിക്കാം.
കഞ്ഞി, ആവിയില്‍ വേവിച്ച ആഹാരങ്ങള്‍ എന്നിവ മഴക്കാലത്ത് വളരെ നല്ലതാണ്. പച്ചക്കറി സൂപ്പ്, ചിക്കന്‍ സൂപ്പ് എന്നിവ ഉള്‍പ്പെടുത്താം. ഇലക്കറികള്‍ ശരിയായി കഴുകിയതിനുശേഷം പാചകം ചെയ്യാം.
സാലഡുകള്‍ക്ക് പകരം വേവിച്ച് പച്ചക്കറികള്‍ ഉപയോഗിക്കാം. മൈദ പോലെ ദഹനപ്രശ്‌നം ഉണ്ടാക്കുന്ന ഭക്ഷണങ്ങള്‍ മണ്‍സൂണ്‍ ഡയറ്റില്‍ വേണ്ട. മഴക്കാലത്ത് പലരും വറുത്ത ആഹാരങ്ങള്‍ കഴിക്കാന്‍ ഇഷ്ടപ്പെടും, എന്നാല്‍ ഇത് നല്ലതല്ല. കാപ്പി, ചായ എന്നിവയുടെ ഉപയോഗം നിയന്ത്രിക്കണം. പഴങ്ങള്‍ ജ്യൂസാക്കാതെ ഫ്രൂട്ടായി തന്നെ കഴിക്കാം.
കൊഴുപ്പ് കുറഞ്ഞ തൈര് ആഹാരത്തിന്റെ ഭാഗമാക്കാം. ഫ്രിഡ്ജില്‍ വച്ച ഭക്ഷണങ്ങള്‍ ചൂടാക്കിയതിനുശേഷം ഉപയോഗിക്കാവൂ. കുരുമുളക്, ചുക്ക്, ഇഞ്ചി, മല്ലി, വെളുത്തുള്ളി തുടങ്ങിയ സുഗന്ധദ്രവ്യങ്ങള്‍ മഴക്കാലത്തുണ്ടാകുന്ന രോഗങ്ങളെ പ്രതിരോധിച്ച് നിര്‍ത്തും.