അനു മാത്യു
ഡയറ്റീഷ്യന്‍
എസ്.യു.ടി. ആശുപത്രി
പട്ടം, തിരുവനന്തപുരം
നമുക്ക് ഏറെ ഇത്രയേറെ പ്രിയപ്പെട്ട വെളിച്ചണ്ണയെ പലവിധ ആരോപണങ്ങള്‍ക്ക് വിധേയമാക്കി അകറ്റി നിര്‍ത്തിയിരിക്കുകയാണ്. ശരിക്കും ഒരു വില്ലന്‍ പരിവേഷം വെളിച്ചെണ്ണയ്ക്കുണ്ടോ? ആരോഗ്യകരമായ ഭക്ഷണശീല പാരമ്പര്യമുള്ള കേരളത്തിന്റെ പഴയ തലമുറ എന്തുകൊണ്ട് വെളിച്ചെണ്ണ ഉപയോഗിച്ചുള്ള പാചകത്തിന് മുന്‍തൂക്കം കൊടുത്തു? അന്ന് ഇത്രയേറെ ആരോഗ്യത്തിന് ഭീഷണി വെളിച്ചെണ്ണ വരുത്തിയില്ലേ? ഭക്ഷ്യവസ്തുക്കളെ തരംതിരിക്കുമ്പോള്‍ കൊഴുപ്പ് എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്നതാണ് വെളിച്ചെണ്ണ. ആഹാരത്തിന്റെ പോഷകമൂല്യവും രുചിയും വര്‍ദ്ധിപ്പിക്കുന്നതിനാണ് എണ്ണകള്‍ ഉപയോഗിക്കുന്നത്. വിവിധ തരം ഭക്ഷ്യ എണ്ണകള്‍ ഇന്നു വിപണിയില്‍ സുലഭമാണ്. ഓരോ തരം എണ്ണയും രുചിയിലും ഗുണമേന്മയിലും പോഷകമൂല്യത്തിലും വിലയിലും വ്യത്യാസപ്പെട്ടിരിക്കുന്നു. അവയെ രണ്ടു രീതിയില്‍ തരം തിരിക്കാം.
* പൂരിത എണ്ണകള്‍ (മൃഗങ്ങളുടെ കൊഴുപ്പില്‍ നിന്നുള്ളവ)
* അപൂരിത എണ്ണകള്‍ (സസ്യ എണ്ണകള്‍)
അപൂരിത എണ്ണകള്‍ തന്നെ അവയുടെ ഘടനാപരമായ വ്യത്യാസം കൊണ്ട് ജഡഎഅ എന്നും MUFA എന്നും രണ്ടുതരത്തില്‍ വേര്‍തിരിക്കുന്നു. PURA സൂര്യകാന്തി എണ്ണ, സോയ എണ്ണ, എള്ളെണ്ണ. MUFA ഒലിവ് ഓയില്‍, ആല്‍മണ്ട് ഓയില്‍. എന്നാല്‍, അപൂരിത എണ്ണയില്‍ ഉള്‍പ്പെട്ട വെളിച്ചെണ്ണ അവയുടെ ഘടനയിലെ പ്രത്യേകതകള്‍ കൊണ്ട് 60 ശതമാനം പൂരിതവും 40 ശതമാനം അപൂരിതവുമായി മീഡിയം ചെയിന്‍ ട്രൈഗ്ലിസറൈഡ്സ് (എംസിറ്റി) എന്ന വിഭാഗത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നു.
മുലപ്പാലിനോളം ഗുണം
മുലപ്പാലില്‍ മാത്രം കാണപ്പെടുന്ന പോഷകമായ ലോറിക് ആസിഡിന്റെ മറ്റൊരു സ്രോതസ്സാണ് വെളിച്ചെണ്ണ. ഇത് ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ശരീരത്തിന് ബലം നല്‍കാനും സഹായിക്കുന്നു.
കാന്‍സര്‍ പ്രതിരോധവും ചികിത്സയും
തേങ്ങാപ്പാലില്‍ നിന്ന് തയ്യാറാക്കുന്ന വെര്‍ജിന്‍ കോക്കനട്ട് ഓയില്‍, ഒരു ടിസ്പൂണ്‍ ദിവസവും നേരിട്ട് ഉപയോഗിക്കുന്നത് കാന്‍സര്‍ പ്രതിരോധത്തിന് സഹായിക്കുന്നതായി പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. കാന്‍സര്‍ രോഗിയുടെ ശരീരത്തില്‍ കോശങ്ങളുടെ വിഭജനം അതിവേഗത്തില്‍ നടക്കുന്നതിനാല്‍ കീറ്റോണുകള്‍ കൂടുതലായി ഉല്‍പ്പാദിപ്പിക്കുന്നു. വെളിച്ചെണ്ണയുടെ ഉപയോഗം കിറ്റോണുകളുടെ ഉല്‍പ്പാദനത്തെ മന്ദഗതിയിലാക്കി കാന്‍സറിനെ ചെറുക്കാന്‍ സഹായിക്കുന്നു.
വില്ലനാവുന്നതെപ്പോള്‍?
ഇത്രയേറെ സവിശേഷ ഗുണങ്ങളുള്ള വെളിച്ചെണ്ണയെ മാറ്റിനിര്‍ത്തി മറ്റ് എണ്ണകള്‍ ഉപയോഗിക്കാന്‍ കാരണമെന്താണ്? അപൂരിത എണ്ണയില്‍പ്പെട്ടത് ആണെങ്കിലും വെളിച്ചെണ്ണയ്ക്ക് പൂരിത എണ്ണയുടെ ഗുണങ്ങളാണ് മുന്നിട്ട് നില്‍ക്കുന്നത്. പൂരിത എണ്ണയുടെ അമിത ഉപയോഗം ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്ക് കാരണമാകുന്നു. പാമോയില്‍, വനസ്പതി, മാംസാഹാരം, പാല്‍, പാക്കറ്റ് ഫുഡ്‌സ് എന്നിവയാണ് പ്രധാന കാരണക്കാര്‍ എങ്കിലും സസ്യഎണ്ണയായ വെളിച്ചെണ്ണയുടെ അമിത പ്രയോഗവും കാരണമായേക്കാം. ഇതോടൊപ്പം മാറിയ ജീവിതരീതികളും വ്യായാമം തീരെയില്ലാത്ത ജോലികളും പുതിയ ഭക്ഷണരീതികളും ജീവിത ശൈലീരോഗങ്ങള്‍ക്ക് കാരണമാകുന്നു.
എങ്ങനെ സുഹൃത്താക്കാം?
നിയന്ത്രിത അളവില്‍ വെളിച്ചെണ്ണയും, ഒപ്പം തവിടെണ്ണ, ഒലീവ്, കടല എണ്ണ, എള്ള് എണ്ണ എന്നിവയും ചേര്‍ത്ത മിക്സഡ് ഓയില്‍ രീതിയാണ് പാചകത്തിന് സ്വീകരിക്കേണ്ടത്. ആരോഗ്യകരമായ പാചക രീതികളും സ്വീകരിക്കണം.