തിരുവനന്തപുരം: കേരളത്തില്‍ ഇപ്പോള്‍ വ്യാപിക്കുന്ന കോവിഡ് ബാധയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഐഎംഎ മുന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. ശ്രീജിത്ത് എന്‍ കുമാര്‍. തിരുവനന്തപുത്ത് നടക്കുന്ന 98-ാമത് ഓള്‍ ഇന്ത്യ മെഡിക്കല്‍ കോണ്‍ഫറന്‍സുമായി ബന്ധപ്പെട്ട വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കോവിഡ്, പബ്ലിക് ഹെല്‍ത്ത് എമര്‍ജന്‍സി എന്ന നില അവസാനിച്ചു എന്ന് ലോകാരോഗ്യ സംഘടന കഴിഞ്ഞ മേയില്‍ തന്നെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതിന്റെ വകഭേദങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയും ചെയ്യും. കോവിഡ് സംബന്ധിച്ച ഭയാശങ്ക ഉണ്ടാവേണ്ട യാതൊരു സാഹചര്യവും ഇപ്പോഴില്ല. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന കോവിഡ് കേസുകള്‍ കേരളത്തിലായത്, കേരളത്തില്‍ പരിശോധന നടത്തുന്നത് കൊണ്ട് മാത്രമാണ്. മറ്റു സംസ്ഥാനങ്ങളെക്കാള്‍ കേരളം ആണ് കോവിഡ് പരിശോധന നടത്തിയത്.
ഡെങ്കിയും എച്ച് വണ്‍ എന്‍ വണ്ണും വ്യാപകമായി പടരുന്ന ഇപ്പോഴത്തെ സാഹചര്യത്തില്‍ കോവിഡിന് മാത്രമായി പ്രത്യേക ആശങ്ക ഇപ്പോള്‍ വേണ്ടെന്നും ഡോ. ശ്രീജിത്ത് എന്‍ കുമാര്‍ പറഞ്ഞു.
അതേസമയം, ജീവിത ശൈലി രോഗങ്ങളിലും പകര്‍ച്ചേതര വ്യാധികളിലും അതീവ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.