തിരുവനന്തപുരം: ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ ഒരൊറ്റ രാത്രി കൊണ്ട് പിന്‍വലിച്ചതോടെ കേരളത്തിലെ കോടികളുടെ ഹവാല പണം ഇടപാടിന് വിലങ്ങു വീണു. റിയല്‍
എസ്‌റ്റേറ്റ് - ഫ്‌ളാറ്റു കച്ചവടവും വീണുടയും. ഇല്ലാതാകേണ്ടി വന്നത് പ്രതിദിനം നൂറു കോടിയിലധികം രൂപയുടെ കുഴല്‍പണ കൈമാറ്റം. കള്ള നോട്ടു മാഫിയയും മാളത്തി
ലൊളിച്ചു.
ഗള്‍ഫില്‍നിന്നും മറ്റു വിദേശ രാജ്യങ്ങളില്‍നിന്നും കേരളത്തിലേക്ക് കോടികള്‍ ഒഴുക്കിയിരുന്ന ഹവാല മാഫിയ കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തോടെ താത്ക്കാലികമായെങ്കിലും ഇന്നലെയോടെ ഏതാണ്ട് പൂര്‍ണ്ണമായി നിലച്ചു. കൈവശമുള്ള കുഴല്‍പണം നശിപ്പിച്ചു കളയുകയല്ലാതെ മറ്റൊരു മാര്‍ഗവും ഇല്ലാത്ത അവസ്ഥയിലാണ് ഹവാല ശൃംഖല.
അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ മാത്രമാണ് കുഴല്‍പണ മാഫിയ കൈകാര്യം ചെയ്യുന്നത്. വിദേശത്തു നിന്ന് ഉറപ്പിക്കുന്ന പണം നോട്ടുകളായി കേരളത്തിലെ ബന്ധുവിന് കൈമാറുന്നതാണ് ഹവാല ഇടപാട്.
പ്രധാനമായി ആയിരം രൂപ നോട്ടുകളാണ് ഇവര്‍ ഉപയോഗിക്കുന്നത്. ഇത് കേരളത്തിലെ ലക്ഷ്യ സ്ഥാനത്ത് എത്തിക്കുന്നതിന് നാലു ദിവസം മുമ്പെങ്കിലും കെട്ടുകളാക്കി ബാഗില്‍ സൂക്ഷിക്കും. അന്നോ തൊട്ടടുത്ത ദിവസമോ ഇത് എത്തേണ്ട സ്ഥലത്ത് എത്തിക്കും. ഇതാണ് ഇടപാട്.
കേരളത്തില്‍ ഒരാഴ്ച എഴുനൂറു കോടിയിലധികം രൂപയുടെ ഹവാല പണമിടപാട് നടക്കുന്നുണ്ടെന്നാണ് വയ്പ്.ചിലപ്പോള്‍ ഇത് വളരെയേറെ വര്‍ദ്ധിക്കാറുമുണ്ട്. പ്രതിമാസം ഏകദേശം മുപ്പതിനായിരം രൂപയുടെ ഇടപാട്. റവന്യൂ ഇന്റലിജന്‍സിന്റെ ഏകദേശ കണക്കാണിത്്. കേരളത്തില്‍ എത്തുന്ന ഹവാല പണം പ്രധാനമായി നിക്ഷേപിക്കുന്നത് റിയല്‍ എസ്‌റ്റേറ്റിലാണ്. ഭൂമി വാങ്ങുകയോ ഫ്‌ളാറ്റുകളില്‍ നിക്ഷേപിക്കുകയോ ചെയ്യും. ഇവിടെ നിര്‍മ്മിച്ചതോ നിര്‍മ്മാണത്തിലിരിക്കുന്നതോ ആയ ഫ്‌ളാറ്റുകളില്‍ പകുതിയിലേറെയിലെയും നിക്ഷേപം ഹവാല പണമാണ്.
ഇതില്‍ പലതിനും അഡ്വാന്‍സ് തുകയോ ഒന്നോ രണ്ടോ ഗഡുക്കളോ മാത്രമാണ് മാറിയിട്ടുള്ളത്. ഹവാല പണം നിലച്ചതോടെ ഈ കച്ചവടത്തിന്റെ ഭാവി തുലാസിലായി. സ്വര്‍ണ്ണത്തില്‍ ഹവാല പണം നിക്ഷേപിക്കുന്നവരും കുറവല്ല. ഈ പണം ഉപയോഗിച്ച് കരുതല്‍ മുതലായി സ്വര്‍ണ്ണം വാങ്ങി കൂട്ടുകയാണ് പതിവ്. കേന്ദ്ര തീരുമാനത്തോടെ ഇതും നിലച്ചു. സ്വര്‍ണ്ണക്കടകളിലെ കച്ചവടവും ഇടിഞ്ഞു താണു.
പതിവായി നടക്കുന്നതിന്റെ ചെറിയൊരു ശതമാനം കച്ചവടം മാത്രമാണ് ഇന്നലെ ജുവലറികളില്‍ നടന്നത്. ഹവാല പണത്തോടൊപ്പം അഞ്ഞൂറിന്റെയും ആയിരത്തിന്റെയും കള്ള നോട്ടുകളും കേരളത്തില്‍ എത്തുന്നുണ്ട്. പാകിസ്ഥാനില്‍ അച്ചടിച്ച ആയിരത്തിന്റെ കള്ള നോട്ടുകള്‍ ഏതാനും നാള്‍ മുമ്പാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് പിടികൂടിയത്. ഇത് 72 ലക്ഷത്തോളം ഉണ്ടായിരുന്നു. കേരളത്തില്‍ ഓരോ വര്‍ഷവും പിടികൂടുന്ന കള്ള നോട്ടുകളുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണ്.