തെക്കന്‍ ലെബനനില്‍ യുഎന്‍ സമാധാന സേനാംഗത്തിന് വെടിയേറ്റു. യുഎന്‍ ഇന്റെറിം ഫോഴ്‌സ് ഇന്‍ ലെബനന്‍ (യുനിഫില്‍) ആണ് വാര്‍ത്ത പുറത്തുവിട്ടത്. വെടിയേറ്റ് പരിക്കേല്‍ക്കുന്ന യുനിഫിലിന്റെ അഞ്ചാമത്തെ സേനാംഗമാണ് ഇതെന്ന് ശനിയാഴ്ച പുറത്തുവിട്ട പ്രസ്താവനയില്‍ യുനിഫില്‍ വ്യക്തമാക്കി.
നഖ്വോറയുടെ തെക്ക് സ്ഥിതി ചെയ്യുന്ന യുനിഫില്‍ ആസ്ഥാനത്തുവെച്ച് വെള്ളിയാഴ്ച രാത്രിയോടെയാണ് പ്രവര്‍ത്തനകന് വെടിയേറ്റത്. ഈ സമയം അവിടെ സൈനികനീക്കം നടക്കുന്നുണ്ടായിരുന്നു. എവിടെനിന്നാണ് വെടിയുതിര്‍ക്കപ്പെട്ടത് എന്ന് വ്യക്തമല്ലെന്ന് യുനിഫില്‍ അധികൃതര്‍ പറഞ്ഞു.
പരിക്കേറ്റയാളെ ഉടന്‍തന്നെ നഖ്വോറയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടിയന്തരശസ്ത്രക്രിയ നടത്തി വെടിയുണ്ട പുറത്തെടുത്തു. ഇയാള്‍ സുഖം പ്രാപിച്ചുവരുന്നതായും യുനിഫില്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. അതേസമയം, വെള്ളിയാഴ്ച ഗാസയിലെ ജബലിയയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
യുദ്ധം തുടരുന്ന തെക്കന്‍ ലെബനനില്‍നിന്നും യുനിഫില്‍ പ്രവര്‍ത്തകരോട് ഒഴിഞ്ഞുപോകണമെന്ന് നിര്‍ദ്ദേശിച്ചിട്ടുള്ളതായി ഇസ്രയേലി ഡിഫന്‍സ് ഫോര്‍സസ് (ഐ.ഡി.എഫ്.) പറഞ്ഞു. എന്നാല്‍ സേനാംഗങ്ങള്‍ ഇവിടെ തുടരാന്‍ ഒറ്റക്കെട്ടായി തീരുമാനിച്ചിട്ടുള്ളതായാണ് വിവരം. വ്യാഴാഴ്ച രണ്ട് ഇന്തൊനേഷ്യന്‍ സേനാംഗങ്ങള്‍ക്കും ഇത്തരത്തില്‍ പരിക്കേറ്റിരുന്നു.