ടാറ്റാ പ്ലേയിലെ പങ്കാളിത്തം അവസാനിപ്പിക്കാന്‍ ഒരുങ്ങി വാള്‍ട്ട് ഡിസ്‌നി ഗ്രൂപ്പ്

ഡിസ്നിയുടെ ഓഹരികള്‍ കൂടി വാങ്ങുന്നതോടെ ഡി.ടി.എച്ച് പ്ലാറ്റ്ഫോം പൂര്‍ണമായും ടാറ്റയുടെ നിയന്ത്രണത്തിലാകും.

author-image
anumol ps
Updated On
New Update
ss

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 


ന്യൂഡല്‍ഹി: ടാറ്റാ പ്ലേയിലെ പങ്കാളിത്തം അവസാനിപ്പിക്കാന്‍ പദ്ധതിയിട്ട് വാള്‍ട്ട് ഡിസ്‌നി ഗ്രൂപ്പ്. ഇന്ത്യയിലെ വിനോദ മാധ്യമ വ്യവസായവുമായി ബന്ധപ്പെട്ട സംരംഭങ്ങള്‍ വില്‍ക്കുകയോ വിഹിതം കുറയ്ക്കുകയോ ചെയ്യാന്‍ ഡിസ്‌നി ഗ്രൂപ്പ്  തീരുമാനിച്ചിരുന്നു. ടാറ്റാ ഗ്രൂപ്പിന് ഭൂരിപക്ഷ ഓഹരികളുള്ള ടാറ്റാ പ്ലേ ഇന്ത്യയിലെ മുന്‍നിര ഡി.ടി.എച്ച് (ഡയറക്ട് ടു ഹോം) സേവനദാതാക്കളാണ്. ടാറ്റയുമായുള്ള ഈ സംരംഭത്തില്‍ 30 ശതമാനമാണ് ഡിസ്നി ഗ്രൂപ്പിന്റെ പങ്കാളിത്തം. ഇത് ടാറ്റാ ഗ്രൂപ്പിന് തന്നെ കൈമാറാനാണ് തീരുമാനം. ഡിസ്നിയുടെ ഓഹരികള്‍ കൂടി വാങ്ങുന്നതോടെ ഡി.ടി.എച്ച് പ്ലാറ്റ്ഫോം പൂര്‍ണമായും ടാറ്റയുടെ നിയന്ത്രണത്തിലാകും. ഏകദേശം ഒരു ബില്യണ്‍ ഡോളറിനാണ് ഓഹരി കൈമാറ്റമെന്നാണ് വിവരം.

ടാറ്റാ പ്ലേ പ്ലാറ്റ്ഫോമില്‍ ഡി.ടി.എച്ച് സര്‍വീസിനൊപ്പം ഒ.ടി.ടി ആപ്ലിക്കേഷനും നിലവിലുണ്ട്. 23 കോടിയിലധികം വരിക്കാര്‍ ടാറ്റാ പ്ലേയുടെ കീഴിലുള്ള പ്ലാറ്റ്ഫോമുകള്‍ക്കുണ്ട്. 919 കോടി രൂപയായിരുന്നു ഒ.ടി.ടി പ്ലാറ്റ്ഫോമില്‍ നിന്നുള്ള 2023-24 സാമ്പത്തികവര്‍ഷത്തെ വരുമാനം. മുന്‍വര്‍ഷം ഇത് 741 കോടി രൂപയായിരുന്നു.

2006ലാണ് ടാറ്റാ സ്‌കൈ എന്ന പേരില്‍ ടാറ്റയുടെ ഡി.ടി.എച്ച് സര്‍വീസ് ആരംഭിക്കുന്നത്. തുടക്കത്തില്‍ ട്വന്റിഫസ്റ്റ് സെഞ്ചുറി ഫോക്സ് ഗ്രൂപ്പിന് പങ്കാളിത്തമുണ്ടായിരുന്നു. വാള്‍ട്ട് ഡിസ്നി കമ്പനി ട്വന്റിഫസ്റ്റ് സെഞ്ചുറി ഫോക്സ് ഗ്രൂപ്പിനെ ഏറ്റെടുത്തതോടെ ടാറ്റാ സ്‌കൈയിലും മാറ്റംവന്നു. 2022 മുതല്‍ ടാറ്റാ പ്ലേ എന്ന പേരിലാണ് പിന്നീട് ഡി.ടി.എച്ച് സര്‍വീസ് അറിയപ്പെടുന്നത്.

 

Tata Group walt disney company