ന്യൂഡല്‍ഹി: ടെസ്ലയില്‍ കൂട്ടപ്പിരിച്ചുവിടല്‍. ആഗോളതലത്തില്‍ പത്ത് ശതമാനം ജീവനക്കാരെയാണ് ടെസ്ല പിരിച്ചുവിടുന്നത്. പിരിച്ചുവിടലിലൂടെ 14,000 ജീവനക്കാര്‍ക്ക് ജോലി നഷ്ടമായേക്കും. പുനഃസംഘടനയും ചെലവ് ചുരുക്കലും ലക്ഷ്യമിട്ടാണ് കൂട്ടപ്പിരിച്ചുവിടല്‍ എന്ന് കമ്പനി വ്യക്തമാക്കി. 2020 ന് ശേഷം ആദ്യമായി ടെസ്ല വാഹന വിപണിയില്‍ ഇടിവ് നേരിട്ടിരുന്നു. ഇതിന് പിന്നാലെയായിരുന്നു ജീവനക്കാരെ പിരിച്ചുവിട്ടുക്കൊണ്ടുള്ള കമ്പനിയുടെ നീക്കം.
വളര്‍ച്ചയുടെ അടുത്ത ഘട്ടത്തിന് വേണ്ടി കമ്പനിയെ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് കൂട്ടപ്പിരിച്ചുവിടല്‍ എന്നും ഒരോ അഞ്ച് വര്‍ഷവും അത് ആവശ്യമാണെന്നും ജീവനക്കാര്‍ക്ക് നല്‍കിയ ഇമെയില്‍ സന്ദേശത്തില്‍ മസ്‌ക് വ്യക്തമാക്കി. ഓട്ടോ, എനര്‍ജി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നിവയില്‍ ഏറ്റവും വിപ്ലവകരമായ ചില സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കുകയാണ് തങ്ങളെന്നും പ്രയാസകരമായ ജോലികളാണ് മുന്നിലുള്ളതെന്നും കമ്പനിയില്‍ ശേഷിക്കുന്ന ജീവനക്കാരോടായി മസ്‌ക് പറഞ്ഞു.