മുംബൈ: റോബോ ടാക്സി ഉടൻ ടെസ്ല അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് ഇലോൺ മസ്ക്. സ്റ്റീയറിങ് ഇല്ലാത്ത പൂർണമായും സ്വയം പ്രവർത്തിക്കുന്ന സെൽഫ് ഡ്രൈവിങ് കാർ ആണ് റോബോ ടാക്‌സി. ഇവ ഓട്ടോണമസ് ടാക്‌സി സേവനത്തിന് ഉപയോഗിക്കാനാവും. അതേസമയം റോബോ ടാക്സിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ മസ്ക് പുറത്തുവിട്ടിട്ടില്ല.
ടെസ്ല റോബോ ടാക്സിയുടെ നിർമ്മാണം ആരംഭിച്ചിട്ട് നാളുകൾ ഏറെയായതിനാൽ കമ്പനിക്ക് ഇത് പുതിയൊരു വഴിത്തിരിവാകും സൃഷ്ടിക്കുകയെന്നും മസ്ക് വ്യക്തമാക്കി. 2020 ൽ തന്നെ റോബോ ടാക്‌സികൾ നിരത്തിലിറങ്ങുമെന്ന് 2019 ൽ ടെസ്‌ല അവകാശപ്പെട്ടിരുന്നു. എന്നാൽ ഇത് നീണ്ടുപോകുകയായിരുന്നു.
നിലവിലുള്ള ടെസ്‌ല കാറുകളിൽ സെൽഫ് ഡ്രൈവിങ് സൗകര്യങ്ങൾ ഉണ്ടെങ്കിലും അവയ്ക്ക് ഡ്രൈവറുടെ മേൽനോട്ടം ആവശ്യമാണെന്ന് കമ്പനി തന്നെ പറയുന്നുണ്ട്. സ്റ്റിയറിങും പെഡലുകളും നൽകിയിട്ടുണ്ട്. അതിനാൽ തന്നെ പൂർണമായും സെൽഫ് ഡ്രൈവിങ് കാറുകളാണ് അവ എന്ന് പറയാനാവില്ല.