ന്യൂഡല്‍ഹി: മെസേജിങ് ആപ്ലിക്കേഷനായ ടെലഗ്രാം ഒരു വര്‍ഷത്തിനുള്ളില്‍ 100 കോടി ഉപഭോക്താക്കളെ നേടുമെന്ന് ടെലഗ്രാം സ്ഥാപകന്‍ പാവെല്‍ ദുരോവ്. ഒരു യുഎസ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പാവെല്‍ ദുരോവിന്റെ പ്രതികരണം.
റഷ്യന്‍ സോഷ്യല്‍ മീഡിയാ വെബ്സൈറ്റായ വികെയുടെ സഹസ്ഥാപകനാണ് പാവെല്‍ ദുരോവ്. വികെയെ റഷ്യന്‍ ഭരണകൂടം ഏറ്റെടുത്തതോടെ പാവെല്‍ ദുരോവും സഹസ്ഥാപകനായ സഹോദരന്‍ നികോളായും വികെ വിട്ടുകയും പിന്നീട് 2013 ല്‍ ടെലഗ്രാം ആരംഭിക്കുകയുമായിരുന്നു. ദുബായ് ആസ്ഥാനമായാണ് സോഷ്യല്‍ മീഡിയാ സേവനമാണ് ടെലഗ്രാം പ്രവര്‍ത്തിക്കുന്നത്.
റഷ്യയില്‍ ഏറെ സ്വീകാര്യതയുള്ള മെസേജിങ് ആപ്ലിക്കേഷനായിരുന്നു ടെലഗ്രാം. ടെലഗ്രാമിലെ പ്രതിപക്ഷ അക്കൗണ്ടുകള്‍ നീക്കം ചെയ്യാനുള്ള സര്‍ക്കാരിന്റെ സമ്മര്‍ദ്ദം അംഗീകരിക്കാത്ത ദുരോവ് റഷ്യ വിടുകയായിരുന്നു. നിലവില്‍ ടെലഗ്രാമിന് 90 കോടി പ്രതിമാസ സജീവ ഉപഭോക്താക്കളാണുള്ളത്.