ദുബായ് : കുറ്റവാളികള്‍ ദുരുപയോഗം ചെയ്യുന്ന ഫീച്ചറുകള്‍ നിര്‍ത്തലാക്കി ടെലഗ്രാം. ജയില്‍ മോചിതനായ ശേഷം ആപ്പില്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്നതായുളള ഡുറോവിന്റെ ആദ്യ പ്രഖ്യാപനമാണിത്. പീപ്പിള്‍ നെയര്‍ബൈ ഫീച്ചറാണ് നിര്‍ത്തലാക്കിയത്. നിങ്ങളുടെ പ്രദേശത്തുള്ള മറ്റു ഉപയോക്താക്കളെ കണ്ടെത്താനും സന്ദേശമയയ്ക്കാനും ഉപഭോക്താക്കളെ അനുവദിക്കുന്ന സവിശേഷതയാണ് ഇത്. ബോട്ടുകളും സ്‌കാമര്‍മാരും ഈ ഫീച്ചര്‍ ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് ഡുറോവ് സമ്മതിച്ചു.
ടെലഗ്രാമിന്റെ പ്രത്യക ബ്ലോഗിംഗ് ടൂളായ ടെലഗ്രാഫിലെ മീഡിയ അപ്ലോഡ്‌സ് ഫീച്ചറും പ്രവര്‍ത്തന രഹിതമാക്കിയിട്ടുണ്ട്. കുറ്റവാളികള്‍ ഇത് ദുരുപയോഗം ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. പണമടച്ച് ഉപയോഗിക്കാവുന്ന ടെലഗ്രാം പ്രീമിയം 10 ദശലക്ഷം ആളുകളാണ് ഉപയോഗിക്കുന്നത്. നെയര്‍ബൈ ഫീച്ചറിനു പകരമായി നിയമാനുസൃതവും പരിശോധിച്ചുറപ്പിച്ചതുമായ ബിസിനസുകള്‍ പ്രദര്‍ശിപ്പിക്കാന്‍ സാധിക്കുന്ന 'ബിസിനസസ് നിയര്‍ബൈ' എന്ന പുതിയ ഫീച്ചര്‍ ആരംഭിക്കാനാണ് ആപ്പിന്റെ പദ്ധതി.
ടെലഗ്രാമില്‍ നിയമ വിരുദ്ധമായ ഇടപാടുകള്‍ നടക്കുന്നുണ്ടെന്നും കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന കണ്ടന്റുകള്‍ വിതരണം ചെയ്യുന്നുണ്ടെന്നും ആരോപിച്ചായിരുന്നു അറസ്റ്റ്. ഇതിനെ തുടര്‍ന്നാണ് ദുരുപയോഗം ചെയ്യുന്ന ഫീച്ചറുകള്‍ എടുത്തു കളയാന്‍ തീരുമാനമായത്. ടെലഗ്രാം സിഇഒയുടെ അറസ്റ്റിന് പിന്നാലെ ടെലഗ്രാം ഇന്ത്യയില്‍ ബാന്‍ ചെയ്യുമെന്ന തരത്തിലും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.