കൊച്ചി: രാജ്യത്തെ മുന്‍നിര ടെലികോം കമ്പനികള്‍ മൊബൈല്‍ കോളുകളുടെ നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നു. മൊബൈല്‍ ഫോണ്‍ ചാര്‍ജുകള്‍ ഉയര്‍ത്താതെ മുന്നോട്ടുപോകാനാകില്ലെന്ന നിലപാടിലാണ് റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ(വി) എന്നീ കമ്പനികള്‍. സ്‌പെക്ട്രം ലേലത്തിലെ വലിയ ബാദ്ധ്യതയും അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനായി വലിയ നിക്ഷേപം നടത്തിയതും കണക്കിലെടുത്ത് താരിഫ് വര്‍ദ്ധന അനിവാര്യമാണെന്ന് കമ്പനികള്‍ വ്യക്തമാക്കി. ആഗോള ടെലികോം വിപണിയില്‍ നിലവില്‍ ഒരു ഉപഭോക്താവില്‍ നിന്നുള്ള പ്രതിയോഹരി വരുമാനം(എ.ആര്‍.പി.യു) ഏറ്റവും കുറവ് ഇന്ത്യയിലാണ്. താരിഫ് ഉയര്‍ത്തിയില്ലെങ്കില്‍ ടെലികോം കമ്പനികളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലാകുമെന്നും കമ്പനികള്‍ അറിയിച്ചു. നിലവിലെ സാഹചര്യത്തില്‍ ടെലികോം നിരക്കുകള്‍ പത്ത് മുതല്‍ പതിനഞ്ച് ശതമാനം വരെ ഉയരുമെന്നാണ് വിലയിരുത്തല്‍.