ന്യൂഡൽഹി: റിലയൻസ് ഇൻഡസ്ട്രീസിന്റെയും ഡിസ്‌നി ഇന്ത്യയുടെയും മാദ്ധ്യമ ആസ്‌തികളുടെ ലയനം അടുത്ത വർഷം പൂർത്തിയാകും. സെപ്‌തംബറിന് ശേഷമാകും ലയനം പൂർത്തിയാകുക. ഇരു കമ്പനികളെയും ലയിപ്പിക്കുന്നതിനുള്ള കോമ്പറ്റീഷൻ കമ്മീഷന്റെ അനുമതി റിലയൻസിന്റെ വയാകോം18നും ഡിസ്‌നിയുടെ സ്‌റ്റാർ ഇന്ത്യയ്ക്കും ലഭിച്ചു. നാഷണൽ കമ്പനി ലാ ട്രൈബ്യൂണലും ഇക്കാര്യത്തിൽ പച്ചക്കൊടി നൽകിയിട്ടുണ്ട്. ലയന നടപടികൾ പൂർത്തിയാകുന്നതോടെ 70,000 കോടി രൂപ മൂല്യമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ മാദ്ധ്യമ ഗ്രൂപ്പായി റിലയൻസ്-ഡിസ്‌നി സംയുക്ത സംരംഭം മാറും. സംയുക്ത സംരംഭത്തിൽ റിലയൻസ് ഇൻഡസ്‌ട്രീസിന് 63.16 ശതമാനം ഓഹരി പങ്കാളിത്തമുണ്ടാകും.