വാട്സ്ആപ്പ് ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി 16-ൽ നിന്ന് 13 ആയി കുറച്ച സോഷ്യൽ മീഡിയ കമ്പനി മെറ്റയുടെ നടപടിക്കെതിരെ വൻ പ്രതിഷേധം.യുകെയിലും ഇയുവിലുമാണ് മെറ്റ പ്രായപരിധി 13 ആക്കിയത്.കഴിഞ്ഞ ഫെബ്രുവരിയിലാണ് പ്രായപരിധി കുറച്ച് കൊണ്ടുള്ള മെറ്റയുടെ പ്രഖ്യാപനമുണ്ടായത്.തുടർന്ന് ഏപ്രിൽ 10 ബുധനാഴ്ച മുതലാണ് നിലവിൽ വന്നത്. അതെസമയം ഭൂരിപക്ഷം രാജ്യങ്ങളിലെയും പ്രായപരിധിക്ക് അനുസൃതമായാണ് പുതിയ മാറ്റമെന്നായിരുന്നു വാട്സ്ആപ്പിന്റെ പ്രതികരണം.
സ്മാർട്ട്ഫോൺ ഫ്രീ ചൈൽഡ്ഹുഡ് എന്ന കാമ്പെയ്ൻ ഗ്രൂപ്പാണ് മെറ്റയുടെ നീക്കത്തിനെതിരെ ഇപ്പോൾ രംഗത്തുവന്നിരിക്കുന്നത്. ലാഭം മാത്രം ലക്ഷ്യമിട്ടുള്ള നടപടിയാണ് വാട്സ്ആപ്പിന്റേതെന്നാണ് ആരോപണം. "നമ്മുടെ കുട്ടികളെ സംരക്ഷിക്കാൻ ബിഗ് ടെക് കമ്പനികൾ കൂടുതൽ കാര്യങ്ങൾ ചെയ്യണമെന്ന വർദ്ധിച്ചുവരുന്ന ദേശീയ ആവശ്യകതയുടെ പശ്ചാത്തലത്തിലാണ് മെറ്റയുടെ ഈ നീക്കമെന്നും അവർ പറയുന്നു. മനഃശാസ്ത്രജ്ഞർ അടക്കമുള്ളവർ നൽകിയ മുന്നറിയിപ്പിനെ മെറ്റ അവഗണിച്ചതിനെതിരെ പ്രതിഷേധം ശക്തമാണ്.
13 വയസ് മുതൽ ആപ്പ് ഉപയോഗിക്കാൻ അനുവദിക്കുന്നത് കുട്ടികൾക്ക് തെറ്റായ സന്ദേശമാണ് നൽകുന്നത്. അവരുടെ സുരക്ഷയ്‌ക്കും മാനസികാരോഗ്യത്തിനും മെറ്റ വിലകൽപ്പിക്കുന്നില്ലെന്നും അവർ കുറ്റപ്പെടുത്തുന്നു. വാട്ട്‌സ്ആപ്പിൽ അപകടസാധ്യതയില്ല എന്നാണ് എല്ലാവരും കരുതുന്നത്. എന്നാൽ കുട്ടികൾ മോശം ഉള്ളടക്കവുമായി സമ്പർക്കം പുലർത്തുന്ന ആദ്യത്തെ പ്ലാറ്റ്‌ഫോമം അതാണെന്നും സ്മാർട്ട്ഫോൺ ഫ്രീ ചൈൽഡ്ഹുഡ് ചൂണ്ടിക്കാട്ടുന്നു.