ന്യൂഡല്‍ഹി: ഗൂഗിള്‍ വാലറ്റ് ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി പ്ലേ സ്റ്റോര്‍. ഉടന്‍ തന്നെ ഇന്ത്യയില്‍ ഗൂഗിള്‍ വാലറ്റ് അവതരിപ്പിക്കുമെന്ന് പ്ലേ സ്‌റ്റോര്‍ സൂചന നല്‍കി. ഇന്ത്യയില്‍ ലഭ്യമായ വിവിധ സേവനങ്ങള്‍ പിന്തുണയ്ക്കുന്ന ഗൂഗിള്‍ വാലറ്റ് പ്ലേ സ്റ്റോറില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ ബാങ്കുകള്‍, എയര്‍ലൈനുകള്‍, സിനിമാ ടിക്കറ്റ് തുടങ്ങി വിവിധ സേവനങ്ങളാകും വാലറ്റിലൂടെ ലഭിക്കുക. കൂടാതെ ലോയല്‍റ്റി പോയിന്റുകളും ലഭ്യമാകും.
ഗൂഗിള്‍ വാലറ്റ് പ്ലേ സ്റ്റോറില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും നിലവില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കില്ല. അതേസമയം, ഗൂഗിള്‍ വാലറ്റിന്റെ എപികെ ഫയല്‍ ഉപയോഗിച്ച് സൈഡ്ലോഡ് ചെയ്യാനും അതില്‍ ബാങ്ക് കാര്‍ഡുകള്‍ ആഡ് ചെയ്യാനും കോണ്‍ടാക്റ്റ്ലെസ് പേമെന്റുകള്‍ നടത്താനും സാധിക്കും.
ആഗോള തലത്തില്‍ 77 രാജ്യങ്ങളില്‍ ഗൂഗിള്‍ വാലറ്റ് ലഭ്യമാണ്. ആന്‍ഡ്രോയിഡിലും, വെയര്‍ ഒഎസിലും വാലറ്റ് ലഭിക്കും. ഇതാണ് ഇന്ത്യയിലേക്കും വ്യാപിപ്പിക്കാന്‍ ഒരുങ്ങുന്നത്. എന്നാല്‍ എന്നുമുതല്‍ ഇന്ത്യയില്‍ സേവനം ലഭ്യമായി തുടങ്ങും എന്ന കാര്യത്തില്‍ വ്യക്തതയില്ല.