മുംബൈ: ജിമെയില്‍ ആപ്പില്‍ പുതിയ എഐ ഫീച്ചറുകള്‍ അവതരിപ്പിച്ചു. ആദ്യഘട്ടത്തില്‍ പുതിയ ഫീച്ചറുകള്‍ ആന്‍ഡ്രോയിഡ് ഫോണുകളിലാകും ലഭ്യമാകുക. ഗൂഗിളിന്റെ എഐ മോഡലായ ജെമിനിയുടെ കഴിവുകള്‍ ഇനി ജിമെയിലിന്റെ ആന്‍ഡ്രോയിഡ് പതിപ്പില്‍ ലഭിക്കും. ഇതോടൊപ്പം ജെമിനി എഐ അടിസ്ഥാനമാക്കിയുള്ള ക്യു&എ ഫീച്ചറും അവതരിപ്പിച്ചു.
ഇക്കഴിഞ്ഞ ജൂണില്‍ തന്നെ ജിമെയിലിന്റെ വെബ്ബ് വേര്‍ഷനില്‍ ജെമിനി അവതരിപ്പിച്ചിരുന്നു. ഇപ്പോള്‍ ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്കും ലഭ്യമാക്കുകയാണ്. ജെമിനി സബ്സ്‌ക്രിപ്ഷന്‍ ഉള്ളവര്‍ക്ക് മാത്രമേ ഇത് ഉപയോഗിക്കാന്‍ സാധിക്കുകയുള്ളൂ. താമസിയാതെ തന്നെ ഈ ഫീച്ചര്‍ ഐഒഎസിലുമെത്തും.
ഇതോടെ ജിമെയില്‍ ഇന്‍ബോക്സ് മുഴുവന്‍ വായിക്കാന്‍ ജെമിനിയ്ക്ക് സാധിക്കും. നിങ്ങള്‍ക്ക് ആവശ്യമായ ഇമെയിലുകള്‍ തിരഞ്ഞ് കണ്ടുപിടിക്കാന്‍ ജെമിനിയുടെ സഹായം തേടാം. നിങ്ങള്‍ക്ക് ആവശ്യമായ വിവരങ്ങള്‍ അടങ്ങിയ ഇമെയിലുകള്‍ കണ്ടുപിടിക്കാന്‍ ആവശ്യപ്പെടാം.
ജെമിനി ബിസിനസ്, എന്റര്‍പ്രൈസ്, എജ്യുക്കേഷന്‍, എജ്യുക്കേഷന്‍ പ്രീമിയം, ഗൂഗിള്‍ വണ്‍ എഐ പ്രീമിയം എന്നീ സബ്സ്‌ക്രിപ്ഷന്‍ പ്ലാനുകളില്‍ എതെങ്കിലും എടുത്തിട്ടുള്ളവര്‍ക്ക് മാത്രമേ ഈ ഫീച്ചറുകള്‍ ഉപയോഗിക്കാനാവൂ.