ന്യൂഡൽഹി: 30 വർഷം പഴക്കമുള്ള വേഡ്പാഡിനെ നീക്കം ചെയ്യാനൊരുങ്ങി മൈക്രോസോഫ്റ്റ്. വിൻഡോസിന്റെ വരാനിരിക്കുന്ന ഏറ്റവും പുതിയ പതിപ്പായ വിൻഡോസ് 12ൽ നിന്നാണ് മൈക്രോസോഫ്റ്റ് വേഡ്പാഡ് നീക്കം ചെയ്യുന്നത്. ഇക്കാര്യം കമ്പനി ഔദ്യോഗികമായി അറിയിച്ചതായാണ് റിപ്പോർട്ട്. വേഡ്പാഡിൽ എഴുത്ത് മുതൽ എഡിറ്റിങ് വരെയുള്ള കാര്യങ്ങൾ വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ സാധിക്കുമായിരുന്നു.
മൈക്രോസോഫ്റ്റ് റൈറ്റിന് പകരമായിട്ടാണ് 1995ൽ മൈക്രോസോഫ്റ്റ് വേഡ്പാഡ് അവതരിപ്പിക്കുന്നത്. വേഡ്പാഡിന്റെ ഫീച്ചറുകൾ ഉപഭോക്താക്കൾക്ക് സൗജന്യമായാണ് ലഭിച്ചിരുന്നത്. വേഡ്പാഡിന് പുതിയ അപ്ഡേറ്റുകൾ ഇല്ലായിരുന്നു. അതേസമയം, നോട്ട്പാഡിന് പുതിയ അപ്‌ഡേറ്റുകൾ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വേഡ്പാഡ് നീക്കം ചെയ്യുന്നതായി മൈക്രോസോഫ്റ്റ് വ്യക്തമാക്കിയത്. എംഎസ് വേഡ് നൽകുന്നത് പോലെ ഓരോ അപ്‌ഡേറ്റിലും പുതിയ ഫീച്ചറുകൾ വേഡ്പാഡിൽ ഉണ്ടായിരുന്നില്ല. വിവരങ്ങൾ ടൈപ്പു ചെയ്യുന്നതിനും അതിന്റെ ഫോണ്ട്, വലുപ്പം മുതലായവ മാറ്റുന്നത് അടക്കമുള്ള ആവശ്യങ്ങൾക്കായാണ് ഉപയോക്താക്കൾ വേഡ്പാഡിനെ ആശ്രയിച്ചിരുന്നത്.
വേഡ്പാഡ് പിൻവലിക്കുന്നതോടെ ഈ സോഫ്റ്റ്വെയർ ഉപയോഗിച്ചിരുന്നവർക്ക് മുന്നിൽ മറ്റ് ഓപ്ഷനുകൾ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. നിലവിൽ റിച്ച് ടെക്സ്റ്റ് ഡോക്യുമെന്റുകൾക്കായി എംഎസ് വേഡിലേക്കോ പ്ലെയിൻ ഡോക്യുമെന്റുകൾക്കായി നോട്ട്പാഡിലേക്കോ മാറാമെന്നതാണ് കമ്പനിയുടെ മറ്റ് ഓപ്ഷനുകൾ.