നാലു വർഷം മുമ്പ് ട്വിറ്ററിന് വെല്ലുവിളിയാകുമെന്ന് അവകാശപ്പെട്ട് വന്ന മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ ‘കൂ’ അടച്ചുപൂട്ടുന്നു.വൻ നഷ്ടത്തിൽ പോകുന്നതിനാലാണ് അടച്ചുപൂട്ടാൻ തീരുമാനിച്ചതെന്നാണ് വിവരം.
ഇന്റർനെറ്റ്, മീഡിയാ ഹൗസുകൾ തുടങ്ങിയ മേഖലയിൽ നിന്നുളള ചില കമ്പനികളുമായി ഏറ്റെടുക്കൽ ചർച്ചകൾ നടത്തിയെങ്കിലും അതൊന്നും ഫലംകണ്ടില്ല.ഇതോടെയാണ് അടച്ചുപൂട്ടാൻ തീരുമാനിച്ചത്. പ്രാദേശിക ഭാഷകളിൽ ഉപയോക്താക്കൾക്ക് സേവനം നൽകുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച സ്ഥാപനമാണിത്.
2020-ൽ ആരംഭിച്ച കമ്പനി ഒരു വർഷത്തിനുള്ളിൽ ട്വിറ്ററിനെ മറികടക്കുമെന്നായിരുന്നു അവകാശപ്പെട്ടിരുന്നത്. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും പ്രതീക്ഷിച്ച സ്വീകാര്യതയോ വളർച്ചയോ ഉണ്ടായില്ല. പത്തിലധികം ഭാഷകളിൽ ലഭ്യമായ ആദ്യ ഇന്ത്യൻ മൈക്രോബ്ലോഗിംഗ് സൈറ്റായിരുന്നു ഇത്.
വളർച്ചയുടെ ആദ്യ ഘട്ടത്തിൽ ദിവസേന 21 ലക്ഷം സജീവ ഉപയോക്താക്കളും പ്രതിമാസം ഒരു കോടി സജീവ ഉപയോക്താക്കളും വിവിധ മേഖലകളിൽ നിന്നുള്ള 9000 പ്രമുഖരും ഇടപെടുന്ന പ്ലാറ്റ്‌ഫോമായിരുന്നു കൂ. അപ്രമേയ രാധാകൃഷ്ണ, മായങ്ക് ബിഡാവത്ക എന്നിവർ ചേർന്നാണ് ഈ പ്ലാറ്റ്‌ഫോം ആരംഭിച്ചത്.