ഇന്ത്യക്കാരുടെ ഐഫോൺ ഭ്രമം ഓരോ വർഷവും വർധിച്ചുകൊണ്ടേ ഇരിക്കുകയാണ്. ആപ്പിളിൻ്റെ ഏറ്റവും പുതിയ ഐഫോൺ 16 സീരീസിനും മികച്ച പ്രതികരണമാണ് ഇന്ത്യയിൽ ലഭിക്കുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഐഫോൺ 16 മോഡലുകളുടെ വിൽപനയിൽ കാര്യമായ വർധനയുണ്ടായെന്നാണ് റിപ്പോർട്ട്.
രാജ്യത്തുടനീളം 18 മുതൽ 20 ശതമാനം വരെ വിൽപനയിൽ വർധനയുണ്ടായതാണ് കൗണ്ടർപോയിന്റ് റിസർച്ച് റിപ്പോർട്ട് ചെയ്യുന്നത്. ഐഫോൺ 16, ഐഫോൺ 16 പ്രോ മോഡലുകളോടാണ് ഇന്ത്യക്കാർക്ക് പ്രിയം കൂടുതലെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
ഐഫോൺ 16 സീരീസ് വാങ്ങുന്നതിനായി മുംബൈയിലെയും ഡൽഹിയിലെയും ആപ്പിൾ സ്റ്റോറുകളിൽ വലിയ തിരിക്കാണ് ആദ്യദിനങ്ങളിൽ ഉണ്ടായത്. ഇതിനു പുറമേ, അംഗീകൃത വിൽപ്പനക്കാരിലൂടെയും ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ വിവിധ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ വഴിയും ആളുകൾ ഏറ്റവും പുതിയ ഐഫോണുകൾ വാങ്ങി.
ബിഗ് ബാസ്‌ക്കറ്റ്, ബ്ലിങ്കിറ്റ് തുടങ്ങിയ ക്വിക്ക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലൂടെ 10 മിനിറ്റിനുള്ളിൽ പുത്തൽ ഐഫോണുകൾ ഡെലിവർ ചെയ്യാൻ കഴിഞ്ഞുവെന്നതും ശ്രദ്ധേയമാണ്. അതേസമയം, ഐഫോൺ 16, ഐഫോൺ 16 പ്ലസ് മോഡലുകൾ വിലയിൽ മാറ്റമില്ലാതെയാണ് വിൽപനക്കെത്തിയത്. ഐഫോൺ 16 പ്രോ, 16 പ്രോ മാക്സ് മോഡലുകളുടെ വിലയിൽ കുറവും കമ്പനി വരുത്തിയിരുന്നു.