രാജ്യത്തെ ആദ്യ ഐപി69 നിലവാരമുള്ള സ്‌മാർട്ട്‌ഫോണാണ് ഒപ്പോ എഫ്27 പ്രോ പ്ലസ് 5ജി.ഐപി69 സുരക്ഷാ പരിശോധന വിജയകരമായി പൂർത്തിയാക്കുന്ന ഇന്ത്യയിലെ ആദ്യ സ്‌മാർട്ട്ഫോണാണ് ഒപ്പോ എഫ്27 പ്രോ+ 5ജി.പരമാവധി വാട്ടർപ്രൂഫ് സുരക്ഷ ഫോൺ വാഗ്ദാനം ചെയ്യുന്നു.ഹൈ-എൻഡ് ഫ്ലാഗ്‌ഷിപ്പ് ഫോണുകളിൽ വാട്ടർ-ഡെസ്റ്റ് പ്രതിരോധത്തിനായി പൊതുവിലുള്ള റേറ്റിംഗ് സംവിധാനമാണ് ഐപി 68. എങ്കിൽ ഒരുപടി കൂടി കടന്ന് ഒപ്പോ കൂടുതൽ സുരക്ഷിതത്വമുള്ള ഐപി69 സർട്ടിഫിക്കറ്റ് മികവിലാണ് എഫ്27 പ്രോ+ ഒരുക്കിയിരിക്കുന്നത്.ഇതോടെ രാജ്യത്തെ ആദ്യ വാട്ടർപ്രൂഫ് റേറ്റഡ് സ്‌മാർട്ട്‌ഫോണായി ഒപ്പോ എഫ്27 പ്രോ+ മാറും. ജൂൺ 13ന് ഒപ്പോ എഫ്27 പ്രോ പ്ലസ് 5ജി വിപണിയിലെത്തും.
ഐപി68ൻറെ അപ്‍ഡേറ്റഡ‍് രൂപമാണ് ഐപി69ന്. ജലത്തിന് പുറമെ പൊടിപടലങ്ങളിൽ നിന്നും മറ്റ് അവശിഷ്ടങ്ങളിൽ നിന്നും കൂടുതൽ സുരക്ഷയും ഐപി69 ഓഫർ ചെയ്യുന്നു. അര മണിക്കൂർ നേരം ഫോൺ ജലത്തിലിട്ടാലും കേടുപാട് സംഭവിക്കില്ല എന്നാണ് ഒപ്പോയുടെ അവകാശവാദം. എന്നാൽ എത്ര മീറ്റർ വരെ ആഴത്തിൽ ഈ പരിരക്ഷയുണ്ടാകും എന്ന് കമ്പനി വിശദമാക്കിയിട്ടില്ല.
ഐപി69നൊപ്പം ഐപി68, ഐപി66 സർട്ടിഫിക്കറ്റുകളും ഒപ്പോ എഫ്27 പ്രോ+നുണ്ട്. അതേസമയം സോഡ, ആൽക്കഹോൾ, കടൽവെള്ളം തുടങ്ങിയവയ്ക്കെതിരെ ഫോണുകൾക്ക് ഈ സംവിധാനങ്ങളൊന്നും സുരക്ഷ നൽകണം എന്നില്ല. എന്നാൽ സമ്മർദം, ചൂട് എന്നിവയെ ഫോൺ അതിജീവിക്കും എന്നാണ് അവകാശവാദങ്ങൾ. ചൂടുവെള്ളം വീണാലും ഒപ്പോ എഫ്27 പ്രോ പ്ലസ് 5ജിക്ക് തകരാറുകളുണ്ടാവില്ല എന്ന് പറയപ്പെടുന്നു.
വെള്ളം, പൊടി എന്നിവയടക്കമുള്ള ദ്രാവക-ഖര പദാർഥങ്ങളിൽ നിന്ന് ഏറ്റവും മികച്ച പ്രതിരോധം നൽകുന്ന ഉപകരണങ്ങൾക്ക് നൽകുന്ന ഉയർന്ന റേറ്റിംഗാണ് ഐപി69. ജലവും പൊടിയുമായി കൂടുതലായി ഇടപഴകുന്ന ഉപകരണങ്ങളാണ് ഐപി69 അനുസരിച്ച് രൂപകൽപന ചെയ്യുന്നത്. ഗ്യാലക്‌സി എസ് 24നും ഐഫോൺ 15നും പോലും നിലവിൽ ഐപി69 റേറ്റിംഗ് ഇല്ല.
ഡിസ്പ്ലെ സംരക്ഷണത്തിനായി കോർണിംഗ് ഗോറില്ല ഗ്ലാസ് വിക്‌ടസ് 2 ഒപ്പോ എഫ്27 പ്രോ+നുണ്ട്. പിൻഭാഗത്ത് ലെതർ ഡിസൈൻ വരുന്ന തരത്തിലാണ് ഫോൺ തയ്യാറാക്കിയിരിക്കുന്നത് എന്നാണ് പുറത്തുവന്ന ചിത്രങ്ങൾ വ്യക്തമാക്കുന്നത്. ത്രീഡി AMOLED ഡിസ്‌പ്ലെയും ക്യാമറയ്ക്ക് ചുറ്റും നീലനിറത്തിലുള്ള വളയവും ഫോണിന് പുത്തൻ ലുക്ക് നൽകുന്നു.