സൂര്യനില്‍ നിന്നും ഉണ്ടാകുന്ന ശക്തമായ കാന്തിക പ്രവാഹത്തെ തുടര്‍ന്ന് സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലെന്ന് വെളിപ്പെടുത്തലുമയി ഇലോണ്‍ മസ്‌ക്. എക്‌സില്‍ പങ്കുവെച്ച പോസ്റ്റുവഴിയാണ് അദ്ദേഹം ഈ വിവരം അറിയിച്ചത്. കാന്തിക പ്രവാഹത്തെ തുടര്‍ന്ന് ഉപഗ്രഹങ്ങള്‍ കടുത്ത സമ്മര്‍ദ്ദം നേരിടുന്നുണ്ടെന്നും എന്നാല്‍ ആശങ്കപ്പെടേണ്ടതില്ലെന്നും പിടിച്ചുനില്‍ക്കുന്നുണ്ടെന്നും മസ്‌ക് കൂട്ടിച്ചേർത്തു .
കാന്തിക പ്രവാഹത്തിൻറെ തീവ്രവത വ്യക്തമാക്കുന്ന പ്ലാനറ്ററി കെ ഇന്‍ഡക്‌സ് ഡാറ്റയുടെ ചിത്രവും മസ്‌ക് എക്‌സിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഇതില്‍ മേയ് 10-11 തീയ്യതികളിലായി അതി തീവ്രമായ കാന്തിക പ്രവാഹമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
അതേസമയം, ഭൂമിയെ ലക്ഷ്യമിട്ട് ശക്തമായ കാന്തിക പ്രവാഹങ്ങള്‍ എത്തുമെന്ന് നേരത്തെ മുന്നറിയിപ്പുണ്ടായിരുന്നു. മേയ് മൂന്നിന് സൂര്യനിലുണ്ടായ എക്‌സ് 1.6 ക്ലാസ് സൗരജ്വാലയും പിന്നാലെ മെയ് നാലിനുണ്ടായ എം 9.1 ക്ലാസ് സൗരജ്വാലയുമാണ് ഇതിന് കാരണമായത്. ഈ കാന്തിക പ്രവാഹം ഭൂമിയുടെ കാന്തിക മണ്ഡലത്തിലേക്ക് കടക്കുമ്പോള്‍ ഭൂമിയിലെ റേഡിയോ കമ്മ്യൂണിക്കേഷന്‍ സംവിധാനങ്ങളെ അത് ബാധിക്കുമെന്നും വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.