ന്യൂഡല്‍ഹി: പുതിയ ആപ്പ് പുറത്തിറക്കാന്‍ ഒരുങ്ങി ഇലോണ്‍ മസ്‌ക്. എക്‌സ് ടിവി എന്ന പേരില്‍ പുതിയ ആപ്പ് പുറത്തിറക്കാനാണ് മസ്‌ക് പദ്ധതിയിടുന്നത്. ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള യുട്യൂബിനെ തകര്‍ക്കുകയാണ് ലക്ഷ്യം. യുട്യൂബിനോട് സാദൃശ്യമുള്ള ഹോംസ്‌ക്രീനാണ് എക്‌സ് ടിവിയിലും ഉള്ളത്.
എക്സ് സി.ഇ.ഒ ലിന്‍ഡ യാക്കരിനോ എക്‌സ് ടിവിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോം ഉടന്‍ തന്നെ അവതരിപ്പിക്കുമെന്നും ആപ്പിന്റെ നിര്‍മാണം അവസാനഘട്ടത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി. ഹൈ ക്വാളിറ്റി വീഡിയോകള്‍ വലിയ സ്‌ക്രീനിലും മൊബൈലിലും ഒരുപോലെ കാണാന്‍ എക്സ് ടിവിയിലൂടെ കഴിയുമെന്നും ലിന്‍ഡ അവകാശപ്പെട്ടു.
എ.ഐ ഉപയോഗിച്ച് കാഴ്ചക്കാര്‍ക്ക് താല്പര്യമുള്ള വീഡിയോകള്‍ എത്തിക്കാനുള്ള സംവിധാനവും എക്സ് ടിവിയില്‍ ഉണ്ടാകും. മൊബൈല്‍ ഫോണില്‍ കണ്ടുകൊണ്ടിരിക്കുന്ന ഒരു വീഡിയോ ടിവി സ്‌ക്രീനിലും അതിന്റെ തുടര്‍ച്ചയായി കാണാനുള്ള അവസരം എക്സ് ടിവി ഒരുക്കുന്നുണ്ട്. യുട്യൂബ് പോലെ സൗജന്യമായി ഉപയോഗിക്കാവുന്ന പ്ലാറ്റ്ഫോം ആകും എക്സ് ടിവിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.