ന്യൂഡല്‍ഹി: ആപ്പിള്‍ ഐഫോണുകളുടെ വില്‍പനയില്‍ വന്‍തോതില്‍ ഇടിവ് നേരിട്ടതായി റിപ്പോര്‍ട്ട്. ചൈനയിലെ വില്‍പന കുത്തനെ ഇടിഞ്ഞതാണ് ആഗോളതലത്തില്‍ ഐഫോണുകളുടെ വില്‍പന കുറയാന്‍ കാരണം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം അവസാന പാദത്തിലാണ് ആപ്പിള്‍ സ്മാര്‍ട്ഫോണ്‍ വില്‍പനയില്‍ ഇടിവുണ്ടായത്. ശക്തമായ ദേശീയതയും, വര്‍ധിച്ച മത്സരവും, പ്രതികൂലമായ സമ്പദ് വ്യവസ്ഥയുമാണ് ചൈനയില്‍ വില്‍പന ഇടിയാന്‍ ഇടയായത്. യുഎസും ചൈനയും തമ്മിലുള്ള പ്രശ്നങ്ങളും വില്‍പനയെ കാര്യമായി ബാധിച്ചിട്ടുണ്ട്.
ആപ്പിള്‍ ഐഫോണുകളുടെ വില്‍പനയില്‍ ഉണ്ടായ ഇടിവില്‍ ലോകത്തെ ഏറ്റവും വലിയ സ്മാര്‍ട്ഫോണ്‍ ബ്രാന്‍ഡ് എന്ന സ്ഥാനം സാംസങ് തിരിച്ചുപിടിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തിലാണ് 20% വിപണി വിഹിതം നേടി ആപ്പിള്‍ സാംസങിനെ മറികടന്ന് ഒന്നാമതെത്തിയത്. 19.4 ശതമാനമായിരുന്നു അപ്പോള്‍ സാംസങിന്റെ വിപണി വിഹിതം. എന്നാല്‍ അവസാനപാദം പൂര്‍ത്തിയായപ്പോഴേക്കും സാംസങ് ഒന്നാം സ്ഥാനം തിരികെ പിടിച്ചു.
ഈ പാദത്തില്‍ 20.8 ശതമാനമാണ് (6.01 കോടി കയറ്റുമതി) സാംസങിന്റെ വിപണി വിഹിതം. തൊട്ടുപിന്നില്‍ ആപ്പിളാണ് 17.3 ശതമാനം വിപണിവിഹിതം (5.01 കോടി കയറ്റിമതി). ചൈനീസ് നിര്‍മാതാക്കളായ ഷാവോമി 14.1 ശതമാനം വിപണി വിഹിതം നേടി (4.08 കോടി കയറ്റുമതി).