ന്യൂഡൽഹി: രാജ്യത്താദ്യമായി ഉപഗ്രഹ സംവിധാനം ഉപയോഗിച്ച് മൊബൈൽ ഫോണിൽ ആശയവിനിമയം സാധ്യമാകുന്ന ഡയറക്ട്– ടു– ഡിവൈസ് (ഡി2ഡി) സംവിധാനം പരീക്ഷിച്ച് ബിഎസ്എൻഎൽ. യുഎസ് സാറ്റലൈറ്റ് കമ്യൂണിക്കേഷൻസ് കമ്പനിയായ വയാസാറ്റും ബിഎസ്എൻഎലും ചേർന്നാണ് ഡൽഹിയിലെ ഇന്ത്യ മൊബൈൽ കോൺഗ്രസ് വേദിയിൽ പരീക്ഷണം നടത്തിയത്.
മൊബൈൽ ടവറുകളെ ആശ്രയിക്കാതെയുള്ള 2–വേ മെസേജിങ്, എസ്ഒഎസ് സംവിധാനമാണ് ഉപഗ്രഹ സംവിധാനം വഴി പരീക്ഷിച്ചത്. വയാസാറ്റിന്റെ എൽ–ബാൻഡ് ഉപഗ്രഹമാണ് ഇതിനായി ഉപയോഗിച്ചത്. ഭൂതല–ഇതര ശൃംഖലയിൽ (എൻടിഎൻ) പ്രവർത്തിക്കാൻ കഴിയുന്ന ആൻഡ്രോയ്ഡ് ഫോൺ വഴിയായിരുന്നു ആശയവിനിമയം.
ഡി2ഡി കമ്യൂണിക്കേഷൻസ് ഇന്ത്യയിൽ സാധ്യമാണെന്ന് പരീക്ഷണം തെളിയിച്ചതായി വയാസാറ്റ് അറിയിച്ചു. ഗ്രാമീണ കണക്ടിവിറ്റി വർധിപ്പിക്കാനും ദുരന്തങ്ങൾ അടക്കമുള്ള അടിയന്തര സാഹചര്യങ്ങളിലെ ആശയവിനിമയത്തിനും ഇത് ഉപകരിക്കുമെന്ന് ബിഎസ്എൻഎൽ സിഎംഡി റോബർട്ട് ജെറാർഡ് രവി പറഞ്ഞു.