ന്യൂഡല്‍ഹി: നിര്‍മ്മിത ബുദ്ധിയുടെ സഹായത്തോടെ വ്യക്തികളുടെ നഗ്നചിത്രങ്ങള്‍ നിര്‍മിക്കാന്‍ കഴിഞ്ഞിരുന്ന ആപ്പുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ച് ആപ്പിള്‍. ഇത്തരത്തില്‍ മൂന്ന് ആപ്പുകള്‍ ആപ്പ് സ്റ്റോറില്‍ നിന്നും ആപ്പിള്‍ നീക്കം ചെയ്തു. നീക്കം ചെയ്്ത ആപ്പുകളുടെ പരസ്യങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ വന്നിരുന്നതായി 404 മീഡിയ റിപ്പോര്‍ട്ട് ചെയ്തു. തങ്ങളുടെ റിപ്പോര്‍ട്ട് വന്നതിന് ശേഷമാണ് ആപ്പിള്‍ ഈ ആപ്പുകള്‍ക്കെതിരെ നടപടി സ്വീകരിച്ചതെന്നും ബാഹ്യ സഹായമില്ലാതെ ആപ്പ് സ്റ്റോര്‍ നയങ്ങള്‍ ലംഘിക്കുന്ന ആപ്പുകള്‍ കണ്ടെത്താന്‍ ആപ്പിളിന് കഴിയില്ലെന്നാണ് ഇത് വ്യക്തമാക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മെറ്റയുടെ ആഡ് ലൈബ്രറിയില്‍ നിന്ന് ഇത്തരം അഞ്ച് പരസ്യങ്ങള്‍ കണ്ടെത്തിയെന്ന് 404 മീഡിയ പറയുന്നു. മെറ്റ ആര്‍ക്കൈവ് ചെയ്ത പരസ്യങ്ങളെല്ലാം മെറ്റ ആഡ് ലൈബ്രറിയിലാണ് ഉണ്ടാവുക. ഇതില്‍ രണ്ടെണ്ണം വെബ്ബ് അധിഷ്ടിത സേവനങ്ങളുടേതായിരുന്നു. മൂന്നെണ്ണം ആപ്പിള്‍ ആപ്പ്സ്റ്റോറിലെ ആപ്പുകളിലേക്കുള്ളവ ആയിരുന്നു. അശ്ലീല ചിത്രത്തിന് മേല്‍ എഐയുടെ സഹായത്തോടെ മറ്റൊരാളുടെ മുഖം ചേര്‍ത്തുവെക്കാനും വ്യക്തികളുടെ സാധാരണ ചിത്രത്തില്‍ വസ്ത്രങ്ങള്‍ മാറ്റി നഗ്‌നചിത്രങ്ങള്‍ ചേര്‍ക്കാനുമുള്ള സൗകര്യങ്ങളാണ് ഈ ആപ്പുകള്‍ വാഗ്ദാനം ചെയ്തിരുന്നത്.
പരസ്യങ്ങള്‍ മെറ്റ ഓണ്‍ലൈനില്‍ നിന്ന് നീക്കം ചെയ്തവയാണ്. എന്നാല്‍ ഈ ആപ്പുകളുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് വന്നതിന് ശേഷമാണ് ആപ്പിള്‍ അവ നീക്കം ചെയ്തത്.