ന്യൂഡല്‍ഹി: ഇന്ത്യയില്‍ വന്‍ വിപുലീകരണത്തിന് ഒരുങ്ങി ഐഫോണ്‍ നിര്‍മാതാക്കളായ ആപ്പിള്‍. ഇതിലൂടെ ഉല്‍പാദനം വര്‍ധിപ്പിക്കുകയും കയറ്റുമതി കൂട്ടുകയുമാണ് കമ്പനി ലക്ഷ്യമിടുന്നത്. വിപുലീകരണത്തിലൂടെ അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ അഞ്ച് ലക്ഷം ആളുകള്‍ക്ക് തൊഴില്‍ സാധ്യമാക്കാനാണ് പദ്ധതിയിടുന്നത്. നിലവില്‍ ആപ്പിളിന് ഇന്ത്യയില്‍ 1.5 ലക്ഷം ജീവനക്കാരാണുള്ളത്.
2023ല്‍ ഇന്ത്യയില്‍ നിന്ന് റെക്കോഡ് വരുമാനം കമ്പനി നേടിയിരുന്നു. ഇന്ത്യയില്‍ നിന്നുള്ള ആപ്പിള്‍ ഉല്‍പന്നങ്ങളുടെ കയറ്റുമതിയില്‍ കഴിഞ്ഞ വര്‍ഷം വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. 10 മില്യണ്‍ യൂണിറ്റായിരുന്നു കയറ്റുമതി നടത്തിയത്. 2023-24 വര്‍ഷത്തെ വരുമാനം 12.1 ബില്യണ്‍ ഡോളറായി ഉയര്‍ന്നിരുന്നു. 2022-23 സാമ്പത്തിക വര്‍ഷം ഇത് 6.27 ബില്യണ്‍ ഡോളറായിരുന്നു.