കാലിഫോർണിയ: കൂട്ടപ്പിരിച്ചുവിടലിന് ഒരുങ്ങി ആപ്പിൾ. കാലിഫോർണിയയിൽ 600 ലധികം ജീവനക്കാരെയാണ് കമ്പനി പിരിച്ചുവിടുന്നത്. സ്മാർട് വാച്ച് ഡിസ്‌പ്ലേ, കാർ നിർമാണ പദ്ധതികൾ നിർത്തിവെച്ച പശ്ചാത്തലത്തിലാണ് പിരിച്ചുവിടലെന്ന് കമ്പനി വ്യക്തമാക്കി. കാലിഫോർണിയ എംപ്ലോയ്‌മെന്റ് ഡെവലപ്‌മെന്റിൽ നൽകിയ രേഖകളിലായിരുന്നു കമ്പനി ഇക്കാര്യം അറിയിച്ചത്.
വർക്കർ അഡ്ജസ്റ്റ്‌മെന്റ് ആന്റ് റീട്രെയിനിങ് നോട്ടിഫിക്കേഷൻ അഥവാ വാൺ പ്രോഗ്രാം അനുസരിച്ച് ആപ്പിൾ എട്ട് വ്യത്യസ്ത റിപ്പോർട്ടുകൾ കാലിഫോർണിയ സ്‌റ്റേറ്റിന് സമർപ്പിച്ചിട്ടുണ്ട്.
പുതിയ മേഖലകളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ആപ്പിൾ ഇലക്ട്രിക് വാഹന നിർമാണം, സ്മാർട് വാച്ച് ഡിസ്‌പ്ലേ നിർമാണം തുടങ്ങിയ മേഖലകളിലേക്ക് കടന്നത്. ഫെബ്രുവരിയോടെയായിരുന്നു രണ്ട് പദ്ധതികളും അവസാനിപ്പിക്കുന്നതായി കമ്പനി അറിയിച്ചത്.
പിരിച്ചുവിട്ട നിരവധി പേരെ റോബോട്ടിക്‌സ്, എഐ ഉൾപ്പടെയുള്ള കമ്പനിയുടെ മറ്റ് വിഭാഗങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.