ന്യൂഡല്‍ഹി: ജനറേറ്റീവ് സാങ്കേതിക വിദ്യയുമായി അലക്‌സയെ അവതരിപ്പിക്കാന്‍ ഒരുങ്ങി ആമസോണ്‍. കോണ്‍വര്‍സേഷണല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ പിന്തുണയുള്ള അലക്സ വോയ്സ് അസിസ്റ്റന്റ് ഈ വര്‍ഷം അവസാനത്തോടെയാകും ആമസോണ്‍ അവതരിപ്പിക്കുക. പ്രതിമാസ സബ്സ്‌ക്രിപ്ഷനും ഉണ്ടായിരിക്കുമെന്ന് കമ്പനി അറിയിച്ചു. അതേസമയം സബ്‌സ്‌ക്രിപ്ഷന്‍ നിരക്കുകള്‍ കമ്പനി പ്രഖ്യാപിച്ചിട്ടില്ല.
നിലവില്‍ ആമസോണ്‍ നല്‍കിവരുന്ന പ്രൈം സബ്സ്‌ക്രിപ്ഷനൊപ്പം ഇത് ഉള്‍പ്പെടുത്തില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ജനപ്രിയമായ വോയ്സ് അസിസ്റ്റന്റ് സേവനമാണ് അലക്സ.ജനറേറ്റീവ് എഐ എത്തുന്നതോടെ കൂടുതല്‍ സ്വാഭാവികമായ രീതിയില്‍ സംസാരിക്കാനും, ഭാഷ തിരിച്ചറിയാനും പ്രൊസസ് ചെയ്യാനും അലക്സയ്ക്ക് സാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. ആമസോണിന്റെ സ്വന്തം ടൈറ്റന്‍ ലാര്‍ജ് ലാംഗ്വേജ് മോഡലാണ് അലക്സ അപ്ഗ്രേഡ് ചെയ്യാനായി ഉപയോഗിക്കുകയെന്നാണ് സിഎന്‍ബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ എഐ സ്റ്റാര്‍ട്ട്അപ്പ് ആയ ആന്ത്രോപിക്കിലെ പ്രധാന നിക്ഷേപകരില്‍ ഒരാളാണ് ആമസോണ്‍. ആന്ത്രോപിക്കുമായുള്ള പങ്കാളിത്തവും അലെക്സയ്ക്ക് വേണ്ടി പ്രതീക്ഷിക്കാം.