ചെന്നൈ: തമിഴ് താരം വിജയും സംവിധായകൻ വെങ്കട്ട് പ്രഭുവും ഒന്നിക്കുന്ന ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം സിനിമയില്‍ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിച്ച് അന്തരിച്ച മുതിർന്ന നടനും രാഷ്ട്രീയക്കാരനുമായ വിജയകാന്തിനെ വീണ്ടും കൊണ്ടുവരും.
വരാനിരിക്കുന്ന സിനിമയിൽ വിജയകാന്തിനെ എഐ സഹായത്തോടെ ഉള്‍പ്പെടുത്താന്‍ വെങ്കട്ട് വിജയകാന്ത് കുടുംബത്തിൻ്റെ അനുവാദം തേടിയെന്നും, വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിന് ശേഷം കുടുംബത്തെ നേരിട്ട് കാണണമെന്ന് വിജയ് ആഗ്രഹം പ്രകടിപ്പിച്ചതായും വിജയകാന്തിൻ്റെ ഭാര്യയും ഡിഎംഡികെ നേതാവുമായ പ്രേമലത വിജയകാന്ത് ഗലാട്ട മീഡിയയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.
“ഞങ്ങൾക്കൊപ്പമുണ്ടായിരുന്നെങ്കിൽ ക്യാപ്റ്റൻ എന്ത് പറയുമായിരുന്നുവെന്ന് ഞാൻ ചിന്തിച്ചു. സെന്തൂരപാണ്ടിയിൽ വിജയ്‌യെ അവതരിപ്പിച്ചത് ക്യാപ്റ്റൻ ആയിരുന്നു. വിജയിയോടും അച്ഛൻ എസ്എ ചന്ദ്രശേഖറിനോടും ക്യാപ്റ്റന് വലിയ ബഹുമാനവും വലിയ സ്നേഹവുമായിരുന്നു. അതുകൊണ്ടാണ് എസ്എ ചന്ദ്രശേഖറിനൊപ്പം 17 സിനിമകൾ അദ്ദേഹം ചെയ്തത്. ക്യാപ്റ്റൻ ജീവിച്ചിരിപ്പുണ്ടെങ്കിൽ തീർച്ചയായും ഇത്തരമൊരു അഭ്യർത്ഥനയ്ക്ക് അദ്ദേഹം സമ്മതം മൂളുമായിരുന്നു" പ്രേമലത പറഞ്ഞു.
“എനിക്കും വെങ്കട്ടിനെ ചെറുപ്പം മുതലേ അറിയാം. ഇളയരാജ സാറിൻ്റെ കുടുംബവുമായി എനിക്ക് അടുപ്പമുണ്ട്. അതിനാൽ തിരഞ്ഞെടുപ്പ് കഴിയുമ്പോൾ എന്നെ കാണാമെന്ന് വിജയ് പറഞ്ഞു” ഡിഎംഡികെ നേതാവ് കൂട്ടിച്ചേർത്തു.
കൽപ്പാത്തി എസ് അഘോരത്തിൻ്റെ എജിഎസ് എൻ്റർടെയ്ൻമെൻ്റ് ആണ് ദി ഗ്രേറ്റ് ഓഫ് ഓൾ ടൈം നിർമ്മിക്കുന്നത്. യുവൻ ശങ്കർ രാജ സംഗീത സംവിധാനം നിർവ്വഹിച്ച ചിത്രത്തിലെ ആദ്യ സിംഗിൾ 'വിസിൽ പോഡു' കഴിഞ്ഞ ഞായറാഴ്ച പുറത്തുവിട്ടിരുന്നു.
മീനാക്ഷി ചൗധരി, പ്രഭുദേവ, പ്രശാന്ത്, സ്‌നേഹ, ലൈല, വൈഭവ്, മോഹൻ, ജയറാം, അജ്മൽ അമീർ എന്നിവരടങ്ങുന്ന ഒരു താരനിരയാണ് ചിത്രത്തിലുള്ളത്. ഒരു സയൻസ് ഫിക്ഷൻ ത്രില്ലർ ആണെന്ന് കരുതപ്പെടുന്ന ചിത്രം ഈ വർഷം സെപ്റ്റംബർ 5 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും.