നയന്‍താര... വിസ്മയത്തുമ്പത്തിലെ റീത്താ മാത്യൂസും... മനസിനക്കരയിലെ ഗൗരിയുമെല്ലാം കടന്ന് ഇന്ത്യന്‍ സിനിമയിലെ തന്നെ മിന്നുന്ന താരമായി ലേഡി സൂപ്പര്‍ സ്റ്റാറായി മാറി. ഒരു മലയാളി പെണ്‍കുട്ടിക്ക് കിട്ടാവുന്നതില്‍ വച്ച് ആരും കൊതിച്ചുപോകുന്ന ബ്രാന്‍ഡ് നെയിം.നയന്‍താരയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്.
ധനുഷ് എന്ന തമിഴ് സിനിമാ ടൈക്കൂണിനോട് ഏറ്റുമുട്ടുകയാണ് നയന്‍സ്.തനിക്കും ഭര്‍ത്താവ് വിഘ്നേശ് ശിവനുമെതിരെ ധനുഷ് പ്രതികാരം വീട്ടുന്നുവെന്ന ആരോപണമാണ് ഏറ്റവും ഒടുവിലായി നയന്‍താര ഉന്നയിച്ചിരിക്കുന്നത്.നയന്‍താരയുടെ വിവാഹത്തോട് അനുബന്ധിച്ച് നെറ്റ്ഫ്ളിക്സ് പുറത്തിറക്കാനിരുന്ന 'നയന്‍താര ബിയോണ്ട് ദി ഫെയറി ടെയ്ല്' എന്ന ഡോക്യുമെന്ററി വൈകിയതിന് പിന്നില്‍ ധനുഷാണെന്ന് നയന്‍താരയുടെ കുറിപ്പിലെ ആരോപണം. നയന്‍താര ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച തുറന്ന കത്തിലാണ് ധനുഷിനെതിരെയുളള വെളിപ്പെടുത്തലുകള്‍.
2022ലായിരുന്നു നയന്‍താര-വിഘ്നേശ് വിവാഹം. നയന്‍താരയുടെ കരിയറിനെ ആധാരമാക്കി ഒരുക്കിയ ഡോക്യുമെന്ററിയില്‍ 'നാനും റൗഡി താന്‍' എന്ന ചിത്രത്തിലെ ചില രംഗങ്ങള്‍ ഉപയോഗിക്കുന്നതിന് ചിത്രത്തിന്റെ നിര്‍മാതാവായ ധനുഷ് തടസം നിന്നതിനാലാണ് രണ്ട് വര്‍ഷം നീണ്ട കാത്തിരിപ്പ് ഡോക്യുമെന്ററിയുടെ റിലീസിനായി വേണ്ടി വന്നതെന്ന് കുറിപ്പില്‍ പറയുന്നു. വിഘ്നേശ് സംവിധാനം ചെയ്ത് നയന്‍താര പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് ഇരുവരും പ്രണയത്തിലായത്.
നയന്‍താരയുടെ സിനിമാ ജീവിതം പ്രമേയമാകുന്ന ഡോക്യുമെന്ററിയില്‍ 'നാനും റൗഡി താന്‍' എന്ന ചിത്രത്തിലെ ചില ഭാഗങ്ങള്‍ ഉപയോഗിക്കുന്നതിനായി ധനുഷിനെ സമീപിച്ചിരുന്നെങ്കിലും ധനുഷ് എന്‍ഒസി തരാന്‍ വിസമ്മതിക്കുകയായിരുന്നു. നടപടികള്‍ക്ക് കാലതാമസം നേരിട്ടത് ഡോക്യുമെന്ററിയുടെ റിലീസിനെ ബാധിച്ചു. പല തവണ ആവശ്യപ്പെട്ടിട്ടും സിനിമയിലെ ദൃശ്യങ്ങൾ ഉപയോഗിക്കാന്‍ ധനുഷ് സമ്മതിച്ചില്ല.ഇക്കാരണത്താല്‍ ചിത്രം റീ എഡിറ്റ് ചെയ്യേണ്ടതായി വന്നെന്നും നയന്‍താരയുടെ കുറിപ്പില്‍ പറയുന്നു.എന്നാല്‍ ഒടുവിലായി ഡോക്യുമെന്ററിയുടെ ട്രെയ്ലര് പുറത്തുവന്നതിന് പിന്നാലെ ധനുഷ് 10 കോടി ആവശ്യപ്പെട്ടുകൊണ്ട് നയന്‍താരക്ക് വക്കീല്‍ നോട്ടീസ് അയച്ചു.നാനും റൗഡി താന്‍ സിനിമയുടെ ചിത്രീകരണ സമയത്ത് ചിലര്‍ ഷൂട്ട് ചെയ്ത മൂന്ന് സെക്കന്റ് ദൈര്‍ഘ്യമുളള ലൊക്കേഷന്‍ ദൃശ്യങ്ങള്‍ ഡോക്യുമെന്ററിയില്‍ ഉപയോഗിച്ചു എന്ന കാരണത്താലാണ് ധനുഷ് നോട്ടീസ് അയച്ചിരിക്കുന്നതെന്നും നയന്‍താര പറയുന്നു.
ഇന്റര്‍നെറ്റില്‍ ഇതിനോടകം പ്രചരിച്ചിരുന്ന ചില ദൃശ്യങ്ങളാണ് ട്രെയിലറില്‍ താന്‍ ഉപയോഗിച്ചതെന്നും ബി.ടി.എസ് ദൃശ്യങ്ങള്‍ ട്രെയിലറില്‍ ഉപയോഗിച്ചത് എങ്ങനെ പകര്‍പ്പവകാശ ലംഘനമാകുമെന്നും നയന്‍താര ചോദിക്കുന്നു. മുമ്പും ധനുഷിന്റെ പ്രവൃത്തികള്‍ തന്നെയും കുടുംബത്തെയും വേദനിപ്പിച്ചിട്ടുളളതായി കത്തില്‍ വെളിപ്പെടുത്തലുണ്ട്.സിനിമാ ചിത്രീകരണ സമയത്ത് ധനുഷിൽ നിന്നും മോശം അനുഭവം ഉണ്ടായിരുന്നു. സിനിമ ഇഷ്ടപ്പെടാതിരുന്ന ധനുഷ് ചിത്രം വലിയ വിജയമായപ്പോള്‍ അസ്വസ്ഥനായിരുന്നെന്നും നയന്‍താര പറയുന്നു. ഇതിന്റെ ബാക്കിപത്രമായാണ് സിനിമയുടെ ഭാഗങ്ങള്‍ ഉപയോഗിക്കാന്‍ വിസമ്മതിച്ചതും ഇപ്പോള്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടുളള വക്കീല്‍ നോട്ടീസ് അയച്ച് പക വീട്ടുന്നതെന്നും നയന്‍താര ആരോപിക്കുന്നു.
ആദ്യമായാണ് നയന്‍താര ഇത്രയും രൂക്ഷ ഭാഷയില്‍ പരസ്യ വിമര്‍ശനം നടത്തുന്നത്.ധനുഷ് പുറമേക്ക് കാണുന്നത് പോലെ അല്ലെന്നും തന്നോടും ഭര്‍ത്താവ് വിഘ്നേശ് ശിവനോടും പകയുണ്ടെന്നും നയന്‍താര ആരോപിച്ചു.പിന്നാലെ നയന്താരയ്ക്കെതിരെയും രൂക്ഷമായ സൈബര്‍ ആക്രമണം നടക്കുന്നുണ്ട്. ഒടുവില്‍ വിഷയത്തില്‍ നയന്‍താരയെ വിമര്‍ശിച്ച് കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് തമിഴകത്തെ ഫിലിം ജേര്‍ണലിസ്റ്റും മുന്‍ ഫിലിം മേക്കറുമായ അന്തന്‍.
ധനുഷിന്റെ സ്വഭാവം നയന്‍താര പറഞ്ഞത് പോലെയാണെങ്കിലും ഈ വിഷയത്തില്‍ ധനുഷിന്റെ ഭാഗത്താണ് ന്യായമെന്ന് അന്തനന്‍ പറയുന്നു.ഇത് പണത്തിന്റെ വിഷയമല്ല.ഈഗോയാണ്.അതുകൊണ്ടാണ് ഇത്ര വലിയ ആരോപണം ഉന്നയിച്ചിരിക്കുന്നത്.കത്തില്‍ വിഘ്നേശിന്റെ പങ്കുമുണ്ട്.നാനും റൗഡി താന്‍ പ്രേക്ഷക പ്രീതി നേടിയെങ്കിലും ധനുഷിന് ഈ സിനിമ നഷ്ടമായിരുന്നെന്നുമാണ് അന്തനന്‍ പറയുന്നത്. ഈ സിനിമ നടക്കുമ്പോള്‍ വിഘ്നേശ് ആരുമറിയുന്ന സംവിധായകനല്ല.ആറ് കോടി രൂപ ബജറ്റില്‍ സിനിമ ചെയ്യാനാണ് ധനുഷ് പറഞ്ഞത്. വിജയ് സേതുപതി ശമ്പളം വാങ്ങാതെയാണ് അഭിനയിച്ചത്.ഷൂട്ട് തുടങ്ങി കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ നയന്‍താരയും വിഘ്നേശും പ്രണയത്തിലായി. ഇത് ധനുഷിന് ഇഷ്ടപ്പെട്ടില്ല.ആ നീരസത്തോടെയാണ് പടം തുടങ്ങുന്നത്.