തമിഴ്‌നാട്ടില്‍ റീ റിലീസിന്റെ വിജയഘട്ടമാണിത്. ഗില്ലിയും ബില്ലും പ്രദര്‍ശനത്തിനെത്തി നേട്ടങ്ങള്‍ കൈവരിച്ചതിന് പിന്നാലെ സൂര്യയുടെ ഗജിനി എത്തുകയാണ്. ജൂണ്‍ ഏഴിനാണ് ചിത്രം റീ റിലീസിനൊരുങ്ങുന്നത്. സൂര്യയുടെ എക്കാലത്തെയും മാസ്റ്റര്‍ പീസ് എന്നു വിളിക്കാവുന്ന ചിത്രമാണ് ഗജിനി.
എ ആര്‍ മുരുഗദോസ്സിന്റെ സംവിധാനത്തില്‍ എത്തിയ ചിത്രത്തില്‍ നയന്‍താരയും അസിനും നായികമാരായപ്പോള്‍ മറ്റ് പ്രധാന വേഷങ്ങളില്‍ റിയാസ് ഖാന്‍, മനോബാല, പ്രദീപ് റാവത്, സത്യന്‍, കരാട്ടേ രാജ്, രനീഷ്‌കുമാര്‍ എന്നിവരും ഉണ്ടായിരുന്നു. തമിഴില്‍ ചിത്രം മികച്ച വിജയം നേടിയതിന് പിന്നാലെ സിനിമയുടെ ഹിന്ദി റീമേക്കും ഇറങ്ങിയിരുന്നു. സൂര്യയ്ക്ക് പകരം നായകനായത് അമീര്‍ ഖാന്‍ ആയിരുന്നു.
അതേസമയം, സൂര്യ നായകനായി സിരുത്തൈ ശിവയുടെ സംവിധാനത്തിലുള്ള കങ്കുവ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നതാണ്. സൂര്യ നായകനായ കങ്കുവയിലെ യുദ്ധ രംഗം വന്‍ ക്യാന്‍വാസിലാകും ചിത്രീകരിക്കുകയെന്നതാണ് റിപ്പോര്‍ട്ട്. 10,000 ആള്‍ക്കാര്‍ ആ യുദ്ധ രംഗത്ത് വേഷമിടും എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പ്രമേയത്തോട് നീതിപുലര്‍ത്തുന്ന നിരവധി ആക്ഷന്‍ രംഗങ്ങള്‍ ചിത്രത്തിലുണ്ടാകും എന്നുമാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.