റഹ്‌മാന്‍ ഇത് മോശമായി പോയി! എക്‌സ് പോസ്റ്റിനെതിരെ വിമര്‍ശനം

എല്ലാവരെയും അമ്പരപ്പിച്ച തീരുമാനം. ഇന്ത്യന്‍ ജനപ്രിയ സംഗീതത്തെ വിശ്വത്തോളം ഉയര്‍ത്തിയ എ ആര്‍ റഹ്‌മാനും ഭാര്യയും വേര്‍പിരിയുന്നു. മൂന്നു പതിറ്റാണ്ട് നീണ്ട ബന്ധമാണ് മുറിച്ചുമാറ്റിയിരിക്കുന്നത്.

author-image
Rajesh T L
Updated On
New Update
DIVORCE

എല്ലാവരെയും അമ്പരപ്പിച്ച തീരുമാനം.ഇന്ത്യന്‍ ജനപ്രിയ സംഗീതത്തെ വിശ്വത്തോളം ഉയര്‍ത്തിയ എ ആര്‍ റഹ്‌മാനും ഭാര്യയും വേര്‍പിരിയുന്നു.മൂന്നു പതിറ്റാണ്ട് നീണ്ട ബന്ധമാണ് മുറിച്ചുമാറ്റിയിരിക്കുന്നത്. 

റഹ്‌മാന്റെ സംഗീത ജീവിതത്തിന്റെ ഉയര്‍ച്ചയുടെ പടവുകളിലെല്ലാം ഭാര്യ സൈറ ബാനുവിന്റെ കൈയൊപ്പും ഉണ്ടായിരുന്നു.റഹ്‌മാന്റെ വസ്ത്രങ്ങള്‍ പോലും തിരഞ്ഞെടുപ്പിരുന്നത് സൈറയാണ്.ഭാര്യയാണ് തന്റെ വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതെന്നും റഹ്‌മാന്‍ പറഞ്ഞിട്ടുണ്ട്.അവള്‍ക്ക് അത് സന്തോഷമുള്ള കാര്യമാണ്.അവള്‍ വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കും.ഞാന്‍ ധരിക്കും. അഭിമുഖങ്ങളില്‍ റഹ്‌മാന്‍ പല തവണ ഇക്കാര്യം പറഞ്ഞിട്ടുണ്ട്.ഭാര്യയെ കുറിച്ച് അഭിമുഖങ്ങളിലെല്ലാം റഹ്‌മാന്‍ വാചാലനായി.കൃത്യമായ കാഴ്ചപ്പാടും നിശ്ചയ ദാര്‍ഢ്യവും സൈറയ്ക്കുണ്ടെന്നും റഹ്‌മാന്‍ പറഞ്ഞിട്ടുണ്ട്. 

1995 ലാണ് റഹ്‌മാനും സൈറയും വിവാഹിതരായത്.അമ്മയാണ് സൈറയെ റഹ്‌മാനു വേണ്ടി തിരഞ്ഞെടുത്തത്.റഹ്‌മാന് ഏറെ തിരക്കുണ്ടായിരുന്ന സമയമായിരുന്നു അത്.സൂഫി സന്യാസി മോത്തി ബാബയുടെ ആരാധനാലയത്തില്‍ വച്ചാണ് റഹ്‌മാന്റെ അമ്മയും സഹോദരിയും സൈറയെ ആദ്യമായി കണ്ടത്. ആരാധനാലയത്തില്‍ വച്ചുതന്നെയാണ് അവര്‍ സൈറയോട് സംസാരിച്ചത്. ഈ പെണ്‍കുട്ടി മകന് ചേരുമെന്ന് അമ്മയ്ക്ക് തോന്നി. അങ്ങനെയാണ് സൈറ,റഹ്‌മാന്റെ ജീവിതസഖിയായത്.വിവാഹവുമായി ബന്ധപ്പെട്ട് മൂന്ന് നിബന്ധനകളായിരുന്നു അമ്മ കരീമ ബീഗത്തോട് റഹ്‌മാന്‍ പറഞ്ഞത്.വിദ്യാഭ്യാസം,സംഗീതത്തോടുള്ള ആദരവ്, മനുഷ്യത്വം ഇത് മൂന്നുമായിരുന്നു പങ്കാളിയെ കുറിച്ചുള്ള റഹ്‌മാന്റെ സങ്കല്‍പങ്ങള്‍. അമ്മയ്ക്ക് ശേഷം റഹ്‌മാന്റെ ജീവിതത്തില്‍ ശക്തി കേന്ദ്രമായി പ്രവര്‍ത്തിച്ചിട്ടുള്ളവരില്‍ പ്രധാനിയും ഭാര്യ സൈറ ബാനു ആയിരുന്നു.കഴിഞ്ഞ ദിവസമാണ് എ.ആര്‍.റഹ്‌മാനും ഭാര്യ സൈറയും വേര്‍പിരിയാന്‍ പോവുകയാണെന്ന ചര്‍ച്ച ഉയര്‍ന്നത്. സൈറയുടെ അഭിഭാഷകയായ വന്ദന ഷായാണ് ഇക്കാര്യം വ്യക്തമാക്കിയത്.ഇത് റഹ്‌മാനും പിന്നീട് സ്ഥിരീകരിച്ചു.

ഈ ബന്ധം മുപ്പതിലെത്തുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. പക്ഷേ, എല്ലാ കാര്യങ്ങള്‍ക്കും മുന്‍കൂട്ടി പറയാന്‍ കഴിയാത്ത ഒരു അവസാനമുണ്ട്. തകര്‍ന്ന ഹൃദയങ്ങളാല്‍ ദൈവത്തിന്റെ സിംഹാസനം പോലും വിറച്ചേക്കാം.ആകെ തകര്‍ന്ന ഈ സാഹചര്യത്തിലൂടെ കടന്നുപോകുമ്പോഴും ഞങ്ങളുടെ സ്വകാര്യത മാനിച്ചതിനും നിങ്ങള്‍ കാണിച്ച ദയയ്ക്കും സുഹൃത്തുക്കളോട് നന്ദി രേഖപ്പെടുത്തുന്നു. എന്നായിരുന്നു റഹ്‌മാന്റെ കുറിപ്പ്.റഹ്‌മാന്റെ കുറിപ്പ് എക്‌സില്‍ ഷെയര്‍ ചെയ്ത് കൂപ്പുകയുമായി മകള്‍ ഖജീജ റഹ്‌മാനും രംഗത്തു വന്നു.സ്വകാര്യത മാനിക്കണമെന്ന് മകള്‍ റഹീമയും ആവശ്യപ്പെട്ടു.

ഇരുവര്‍ക്കുമിടയിലെ വൈകാരികബന്ധത്തിലുണ്ടായ പ്രശ്നങ്ങളാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നിലെന്നും ഇത് ഏറെ പ്രയാസകരമായ തീരുമാനമാണെന്നും സൈറയുടെ അഭിഭാഷക പറഞ്ഞിരുന്നു. ഇരുവരും തമ്മിലുള്ള വൈകാരികസംഘര്‍ഷങ്ങള്‍ പരിഹരിക്കാനാകുന്നില്ല. പരസ്പരസ്നേഹം നിലനില്‍ക്കുമ്പോഴും അടുക്കാനാകാത്തവിധം രണ്ടുപേരും അകന്നുപോയെന്നും കഴിഞ്ഞ ദിവസം അഭിഭാഷക പുറത്തുവിട്ട വാര്‍ത്താക്കുറിപ്പിലുണ്ടായിരുന്നു.അതിനിടെ,എക്‌സില്‍ പങ്കുവച്ച റഹ്‌മാന്റെ വിവാഹ മോചന പോസ്റ്റിനെതിരെ വിമര്‍ശനം ഉയരുന്നുണ്ട്.ഹാഷ് ടാഗോടെ കുറിപ്പ് പങ്കുവച്ചതാണ് ചിലരെ ചൊടിപ്പിച്ചത്. എആര്‍ആര്‍സൈറബ്രേക്കപ്പ് എന്ന ഹാഷ്ടാഗിലാണ് റഹ്‌മാന്‍ തന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെ വിവാഹ മോചന വാര്‍ത്ത സ്ഥിരീകരിച്ചത്.

ar rahman