ന്യൂഡല്‍ഹി: ലണ്ടനില്‍ നിന്നുള്ള സിങ്കപ്പൂര്‍ എയര്‍ലൈന്‍സ് വിമാനം ആകാശച്ചുഴിയില്‍പെട്ട് ഒരു യാത്രക്കാരന്‍ മരിക്കുകയും 30 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.
വിമാനം പതിച്ചത് 37,000 അടിയില്‍ നിന്ന് 31,000 അടിയിലേക്കാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോഴുണ്ടായ അപകടത്തില്‍ 6000 അടി താഴ്ച്ചയിലേക്കാണ് വിമാനം വീണത്. ഏവിയേഷന്‍ സേഫ്റ്റി നെറ്റ്വര്‍ക്കിന്റെ കണക്കുകള്‍ പ്രകാരം സിംഗപ്പൂര്‍ എയര്‍ലൈന്‍സിന് ഇതുവരെ ഏഴ് അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. സിംഗപ്പൂര്‍ എയര്‍ലൈന്‍സിന് മാത്രമല്ല ഏതുരാജ്യത്തിന്റെ വിമാനവും ഏതുസമയത്തും ഇങ്ങനൊരു ദുരന്തം പ്രതീക്ഷിക്കാം.
എന്നാല്‍ സാങ്കേതിക വിദ്യ ഇത്രയൊക്കെ വളരുകയും അപകടങ്ങളില്ലാതെ ബഹിരാകാശം വരെ പോവാനും കഴിയുന്ന മനുഷ്യന് ആകാശച്ചുഴി എന്ന അപകട സാധ്യത നേരത്തെ അറിയാന്‍ സാധിക്കാത്തത് എന്തുകൊണ്ടാണ്. കണക്കുകള്‍ നോക്കിയാല്‍ വിമാനം ആകാശച്ചുഴിയില്‍ പെട്ടുണ്ടാവുന്ന അപകടങ്ങള്‍ താരതമ്യേന കുറവാണ്. പ്രത്യേകിച്ച് അന്താരാഷ്ട്ര സര്‍വീസ് നടത്തുന്ന വിമാനങ്ങളില്‍. ഇതിന്റെ പ്രധാനകാരണം സാങ്കേതിക വിദ്യയുടെ വളര്‍ച്ചയാണ്.
ആകാശച്ചുഴി സംബന്ധിച്ച മുന്നറിയിപ്പ് മുന്‍കൂറായി തന്നെ നല്‍കാന്‍ കഴിയുന്ന തലത്തിലേക്ക് ഇന്നത്തെ സാങ്കേതിക വിദ്യ വളര്‍ന്നുകഴിഞ്ഞു. പൈലറ്റുമാര്‍ക്കും വിമാന ജീവനക്കാര്‍ക്കും ഇത്തരം അപകടങ്ങളെ കുറിച്ച് വ്യക്തമായ ധാരണ പഠന സമയത്ത് തന്നെ നല്‍കുന്നുമുണ്ട്. അതിനാല്‍ തന്നെ യാത്രക്കിടെ വരുന്ന മുന്നറിയിപ്പുകള്‍ക്ക് അനുസരിച്ച് യാത്രക്കാര്‍ സീറ്റ് ബെല്‍റ്റ് അടക്കം ധരിച്ച് സുരക്ഷിതരാണെന്ന് ഉറപ്പ് വരുത്തുന്നു. അപകടങ്ങളില്ലാതെ ആകാശച്ചുഴി കടക്കാന്‍ കൃത്യമായ പരിശീലനം നേടിയിട്ടുള്ള പൈലറ്റുമാര്‍ക്കും സാധിക്കുന്നുണ്ട്. അതേസമയം, ചെറിയ സ്വകാര്യ വിമാനങ്ങളും ബിസിനസ്സ് ജെറ്റുകളും ആകാശച്ചുഴിയില്‍ പെടുന്നതും ജീവഹാനിയോ ഗുരുതര പരിക്കുകളോ സംഭവിക്കുന്നതും ഇന്ന് പതിവാണ്.
യുഎസ് നാഷണല്‍ ട്രാന്‍സ്പോര്‍ട്ട് സേഫ്റ്റി ബോര്‍ഡിന്റെ കണക്ക് പ്രകാരം കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ആഭ്യന്തര വിമാനങ്ങള്‍ക്ക് സംഭവിച്ച് അപകടങ്ങളില്‍ 100-ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഡസന്‍ കണക്കിന് പേര്‍ക്കാണ് ജീവഹാനി സംഭവിച്ചിട്ടുള്ളതും. ഇതില്‍ മരണം റിപ്പോര്‍ട്ട് ചെയ്ത ഭൂരിപക്ഷം അപകടങ്ങളിലും വില്ലന്‍ ആകാശച്ചുഴി തന്നെയാണ്. യഥാര്‍ത്ഥത്തില്‍ വലിയ വിമാനങ്ങള്‍ ആകാശച്ചുഴിയില്‍ പെട്ടാലാണ് വന്‍ദുരന്തമുണ്ടാവാനുള്ള സാധ്യതയുള്ളത്. ആ സമയത്ത് സുരക്ഷാനിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ എന്തെങ്കിലും തരത്തിലുള്ള പാളിച്ചയുണ്ടായാല്‍ യാത്രികര്‍ക്ക് വലിയ അപകടങ്ങള്‍ സംഭവിക്കാം. ആകാശം സുരക്ഷിതമാല്ലാതാക്കിത്തീര്‍ക്കുന്ന ഈ ആകാശച്ചുഴിയെക്കുറിച്ച് ഒന്ന് നോക്കി പോകാം.
വായുവിന്റെ മര്‍ദ്ദത്തിലും സഞ്ചാരവേഗത്തിലും പെട്ടെന്നുണ്ടാകുന്ന മാറ്റമാണ് ആകാശച്ചുഴിക്ക് കാരണം. ഈ സമയം വിമാനം ഉയര്‍ന്ന തിരമാലകളില്‍ ഉലയുന്ന ബോട്ടിന്റെ അവസ്ഥയിലേക്ക് മാറും. വിമാനം കുലുങ്ങുന്നതായും മുകളിലേക്കും താഴേക്കും മാറി മാറി ഉലയുന്നതായും അനുഭവപ്പെടും. പലതരത്തിലുള്ള ആകാശച്ചുഴികളുണ്ട്. അതിന്റെ ശക്തിയിലുണ്ടാവുന്ന ഏറ്റകുറച്ചില്‍ അനുസരിച്ചായിരിക്കും അപകടസാധ്യതയും.
ഇതനുസരിച്ച് ചെറിയതോതില്‍ വിമാനം കുലുങ്ങുന്നതില്‍ തുടങ്ങി ശക്തിയേറിയ രീതിയില്‍ എടുത്തിട്ട് അടിക്കുന്നതു പോലെയും അനുഭവപ്പെടാം. ഇടിമിന്നല്‍, പര്‍വതനിരകള്‍, ചില മേഘങ്ങളുടെ രൂപം എന്നിങ്ങനെയുള്ള കാലാവസ്ഥ- ഭൂമിശാസ്ത്രപരമായ വിഷയങ്ങളാണ് ഇതിന് കാരണമായി ചൂണ്ടികാണിക്കുന്നത്. എന്നാല്‍ പൈലറ്റുമാരെ ഞെട്ടിക്കുന്നത് മുന്നറിയിപ്പില്ലാതെ സംഭവിക്കുന്ന ക്ലിയര്‍ എയര്‍ ടര്‍ബുലന്‍സ് ആണ്. ഇതാണ് ആകാശച്ചുഴി ദുരന്തത്തിന് വഴിവയ്ക്കുന്നതും.
പര്‍വതങ്ങള്‍ക്ക് മുകളിലൂടെയുള്ള വായുപ്രവാഹം പോലുള്ളവയില്‍ പൊടുന്നനെ മാറ്റം സംഭവിക്കാറുണ്ട്. അന്തരീക്ഷ വായുവിന്റെ പ്രവാഹത്തിലുണ്ടാകുന്ന ശക്തമായ വ്യതിയാനമാണ് അവിടെ സംഭവിക്കുക. അത് കണ്ണുകള്‍ കൊണ്ട് കാണാനോ പെട്ടെന്ന് തിരിച്ചറിയാനോ സാധിക്കില്ല. ഇത്തരം എയര്‍പോക്കറ്റ് അല്ലെങ്കില്‍ എയര്‍ഗട്ടറില്‍ പെടുന്ന വിമാനത്തിന്റെ നിയന്ത്രണം നഷ്ടമാവാന്‍ സാധ്യത കൂടുതലാണ്. വിമാനം തകര്‍ന്ന് വീഴുന്ന അവസ്ഥയ്ക്കുള്ള കാരണവും ഇതാണ്.
ആകാശച്ചുഴിയ്ക്ക് പേരുകേട്ട ഇടങ്ങളിലൊന്നാണ് ബംഗാള്‍ ഉള്‍ക്കടല്‍. ഇത്തരം ഇടങ്ങളില്‍ പൈലറ്റുമാര്‍ക്ക് ആകാശച്ചുഴി പോലുള്ള വിഷയങ്ങള്‍ തിരിച്ചറിയുന്നതിന് പരിമിതികളുണ്ട്. പ്രധാന കാരണം ഞൊടിയിടയില്‍ മാറുന്ന വായു പ്രവാഹവും കാലാവസ്ഥയുമാണ്. ഇപ്പോള്‍ സിംഗപ്പൂര്‍ എയര്‍ലൈന്‍സ് അപകടത്തില്‍ പെട്ടത് ഇടിമിന്നലുകള്‍ക്ക് കുപ്രസിദ്ധമായ ഇന്റര്‍ ട്രോപ്പിക്കല്‍ കണ്‍വേര്‍ജന്‍സ് സോണിനുള്ളിലാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.