മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2025 സീസൺ ആരംഭിക്കാൻ പോവുകയാണ്.ഇതിനു മുമ്പായുള്ള മെഗാ താരലേലം നടക്കുകയാണ്. വലിയ പൊളിച്ചെഴുത്ത് ഇത്തവണ എല്ലാ ടീമുകളിലും ഉണ്ടാവുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പല ടീമിന്റേയും നായകന്മാരും പരിശീലകരും മാറുമെന്നതിൽ സംശയം വേണ്ട്. ഇതിനോടകം തന്നെ പല ടീമും പരിശീലകരേയും നായകന്മാരേയും മാറ്റിയിട്ടുണ്ട്.അടുത്ത സീസണിൽ ശക്തമായ തിരിച്ചുവരവാണ് പ്രമുഖ ടീമുകളെല്ലാം ലക്ഷ്യമിടുന്നത്.
ഐപിഎല്ലിലെ മികച്ച നായകന്മാരെ പരിഗണിച്ചാൽ അതിൽ രോഹിത് ശർമയും എംഎസ് ധോണിയും തന്നെയാണ് മുന്നിൽ. രണ്ട് പേരും അഞ്ച് തവണ വീതം ഐപിഎല്ലിൽ കിരീടം നേടിക്കൊടുത്ത നായകന്മാരാണ്. വിരാട് കോലിക്ക് ഐപിഎൽ കിരീടം നേടാൻ സാധിച്ചിട്ടില്ലെങ്കിലും മികച്ച നായകന്മാരിലൊരാളാണ് അദ്ദേഹമെന്ന് പറയാം. ഇവരിൽ ആരാണ് മികച്ച നായകനെന്ന് ചോദിച്ചാൽ രോഹിത് ശർമ, ധോണി എന്നിവരിലൊരാളെയാവും കൂടുതൽ പേരും തിരഞ്ഞെടുക്കുക.
ഇപ്പോഴിതാ എംഎസ് ധോണി, രോഹിത് ശർമ, വിരാട് കോലി എന്നിവരിലെ മികച്ച നായകൻ ആരാണെന്ന് തിരഞ്ഞെടുത്തിരിക്കുകയാണ് മുൻ ഇന്ത്യൻ താരവും ലോകകപ്പ് ഹീറോയുമായ യുവരാജ് സിങ്.ഇന്ത്യയെ മൂന്ന് ഐസിസി കിരീടത്തിലേക്കെത്തിച്ച നായകനാണ് എംഎസ് ധോണി. യുവരാജ് ഭാഗമായ 2007, 2011 ലോകകപ്പ് കിരീടങ്ങൾ ഇന്ത്യ അലമാരയിലെത്തിച്ചപ്പോൾ നായകസ്ഥാനത്ത് ധോണിയായിരുന്നു. സിഎസ്‌കെയെ പ്രഥമ സീസൺ മുതൽ നയിച്ച ധോണി അഞ്ച് തവണ ടീമിനെ കിരീടത്തിലേക്കെത്തിക്കുകയും ചെയ്തു. എന്നാൽ ടി20യിൽ ഏറ്റവും മികച്ച നായകന്മാരിലൊരാൾ രോഹിത് ശർമയാണെന്നാണ് യുവരാജ് പറയുന്നത്.
'ടി20 ക്രിക്കറ്റിൽ രോഹിത് ശർമയാണ് മികച്ച നായകനെന്നാണ് കരുതുന്നത്. ബാറ്റ്‌സ്മാനെന്ന നിലയിലും നായകനെന്ന നിലയിലും മത്സരഫലത്തെ മാറ്റാൻ അവന് കഴിവുണ്ട്. അതുകൊണ്ടുതന്നെ രോഹിത്താണ് എന്റെ ഏറ്റവും പ്രധാനപ്പെട്ട നായകൻ. അതേ സമയം മുൻ ഇംഗ്ലണ്ട് താരം മൈക്കൽ വോൻ ധോണിയെയാണ് മികച്ച നായകനായി തിരഞ്ഞെടുത്തപ്പോൾ മുൻ ഓസീസ് കീപ്പർ ആദം ഗിൽക്രിസ്റ്റും ധോണിയെയാണ് മികച്ച നായകനായി തിരഞ്ഞെടുത്തത്.
എംഎസ് ധോണിക്ക് കീഴിൽ മികച്ച പ്രകടനങ്ങൾ നടത്തിയിട്ടുള്ള താരമാണ് യുവരാജ് സിങ്. അർബുദ ബാധിതനായ ശേഷം യുവരാജ് ക്രിക്കറ്റിലേക്ക് തിരിച്ചുവന്നപ്പോൾ ധോണി പിന്തുണച്ചിരുന്നു. എന്നാൽ യുവരാജ് സിങ്ങിന് ഇന്ത്യൻ ടീമിന്റെ നായകസ്ഥാനത്തേക്കെത്താൻ ആഗ്രഹമുണ്ടായിരുന്നു. 2007ലെ ടി20 ലോകകപ്പിൽ യുവരാജിന് നായകസ്ഥാനം ലഭിക്കേണ്ടതായിരുന്നു. പക്ഷെ ധോണിയെയാണ് ടീം മാനേജ്‌മെന്റ് വിശ്വസിച്ചത്. ഇതിൽ യുവരാജിന് അതൃപ്തിയുണ്ടായിരുന്നു.
ധോണിയെ അടുത്ത സുഹൃത്തായി കാണുന്നില്ലെന്ന് യുവരാജ് തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. യുവരാജിന്റെ കരിയർ തകർത്തത് ധോണിയാണെന്ന് യുവരാജിന്റെ പിതാവ് ആരോപിച്ചിരുന്നു. എന്നാൽ ഇതിനോടൊന്നും യുവരാജ് പ്രതികരിച്ചിട്ടില്ല. പക്ഷെ ധോണിയും യുവരാജും തമ്മിൽ അത്ര നല്ല ബന്ധത്തിലായിരുന്നില്ലെന്ന് പറയാം. ധോണി പ്രതിസന്ധി സമയത്ത് പിന്തുണച്ചില്ലെന്ന ആരോപണം പരോക്ഷമായി യുവരാജും ഉന്നയിച്ചിട്ടുള്ളതാണ്.യുവരാജും രോഹിത് ശർമയും തമ്മിൽ നല്ല സുഹൃത്തുക്കളാണ്.
യുവരാജിന്റെ കരിയറിന്റെ അവസാന സമയത്ത് മുംബൈ ഇന്ത്യൻസിൽ കളിക്കാൻ രോഹിത് അവസരമൊരുക്കിയിരുന്നു. എല്ലാവരാലും തഴയപ്പെട്ട് നിന്നിരുന്ന സമയത്ത് രോഹിത് ശർമയാണ് യുവരാജിന് വിരമിക്കാൻ അവസരമൊരുക്കിക്കൊടുത്തത്.ഇതിന്റെ സ്‌നേഹം രോഹിത്തിനോട് യുവരാജിനുണ്ട്. അതുകൊണ്ടുതന്നെ ഇരുവരും തമ്മിൽ നല്ല സൗഹൃദമാണ് കാത്ത് സൂക്ഷിക്കുന്നത്. വിരാട് കോലിയോടും യുവിക്ക് നല്ല സൗഹൃദമുണ്ട്. എന്നാൽ ധോണിയോട് അത്ര അടുപ്പമില്ലെന്ന് തന്നെ പറയാം.