മുംബൈ : ഇന്ത്യന് ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ ധോണിയ്‌ക്കെതിരെ വിമര്‍ശനവുമായി യുവരാജ് സിങ്ങിന്റെ പിതാവ് യോഗ്‌രാജ് സിങ്. എം.എസ് ധോണിയ്ക്ക് ഒരിക്കലും മാപ്പ് നല്‍കില്ലെന്നും എന്റെ മകന്റെ കരിയര്‍ നശിപ്പിച്ചത് ധോണിയാണെന്നും ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ യോഗ്‌രാജ് സിങ് തുറന്നുപറഞ്ഞു. യുവരാഝ് സിങിന്റെ അച്ഛന്‍ പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. ആദ്യമായല്ല യോഗ്‌രാജ് ധോണിയെ വിമര്‍ശിക്കുന്നത്. 2024 ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് പരാജയപ്പെട്ടത് ധോണികാരണമാണെന്നും ധോണിയ്ക്ക് യുവരാജ് സിങിനോട് അസൂയയാണെന്നും യോഗ് രാജ് സിങ് ആരോപിച്ചിരുന്നു.
''ഞാന്‍ എം.എസ്. ധോണിക്ക് ഒരിക്കലും മാപ്പു നല്‍കില്ല. ധോണി അദ്ദേഹത്തിന്റെ മുഖം കണ്ണാടിയില്‍ നോക്കണം. അദ്ദേഹം വലിയ ക്രിക്കറ്റ് താരമാണ്. എന്നാല്‍ എന്താണ് എന്റെ മകനോട് ധോണി ചെയ്തത്? അത് ജീവിതത്തിലൊരിക്കലും മാപ്പു നല്‍കാന്‍ സാധിക്കാത്ത കാര്യമാണ്. ജീവിതത്തില്‍ ഞാന്‍ ചെയ്യാത്തതു രണ്ടു കാര്യങ്ങളാണ്. എന്നോടു മോശം കാര്യങ്ങള്‍ ചെയ്ത ആര്‍ക്കും ഞാന്‍ മാപ്പു നല്‍കില്ല. അവരെ ഒരിക്കലും ആലിംഗനം ചെയ്യാന്‍ പോകുന്നില്ലെന്നതാണ് രണ്ടാമത്തെ കാര്യം. അതെന്റെ മക്കളായാലും കുടുംബാംഗങ്ങളായാലും അക്കാര്യത്തില്‍ മാറ്റമൊന്നുമുണ്ടാകില്ല. എല്ലാവര്‍ക്കും യുവരാജ് സിങ്ങിനെപ്പോലൊരു മകന്‍ ഉണ്ടാകണം. യുവരാജിനെപ്പോലൊരു താരം ഇനിയുണ്ടാകില്ലെന്ന് ഗൗതം ഗംഭീറും സേവാഗും മുന്‍പ് പറഞ്ഞിട്ടുള്ളതാണ്. കാന്‍സറിനോടു പൊരുതിയശേഷം, രാജ്യത്തിന് ലോകകപ്പ് നേടിക്കൊടുത്ത താരത്തിന് ഭാരത് രത്‌ന നല്‍കണം.'' യോഗ്രാജ് സിങ് ആവശ്യപ്പെട്ടു.