ദോഹ: ഖത്തറിന്റെ ലോകകപ്പ് യോഗ്യത മത്സരത്തിനുള്ള ടീമിൽ ഇടംപിടിച്ച് മറ്റൊരു മലയാളി കൂടി. കണ്ണൂർ സ്വദേശിയായ തഹ്സിൻ മുഹമ്മദ് ജംഷിദ് എന്ന 17കാരനാണ് 29 അംഗ ടീമിൽ ഇടം നേടിയത്. മുന്നേറ്റ നിരയിലും ഇടത് വിംഗിലുമാണ് തഹ്സിൻ കളിക്കുന്നത്. ദോഹയിൽ ജൂൺ11 ന് ഇന്ത്യക്കെതിരെയാണ് ഖത്തറിന്റെ മത്സരം. ജൂനിയർ ടീമിന് വേണ്ടി ഖത്തറിൽ ബൂട്ടണിഞ്ഞിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് തഹ്സിൻ സീനിയർ ടീമിൽ ഇടംനേടുന്നത്.
കൗമാര ടീമുകളിൽ ഖത്തറിനായും സ്വന്തം ക്ലബായ അൽ ദുഹൈലിനു വേണ്ടിയും മികച്ച പ്രകടനം നടത്തിയതിന്റെ പിന്നാലെ കഴിഞ്ഞ മാർച്ചിലാണ് തഹ്സിനെ അൽ ദുഹൈൽ സീനിയർ ടീമിലേക്ക് ക്ഷണിക്കുന്നത്. ആസ്പയർ സ്പോർട്സ് അക്കാദമിയിലൂടെയാണ് പ്രൊഫഷണൽ ഫുട്ബോളിലേക്ക് കാലെടുത്ത് വയ്ക്കുന്നത്.
ഖത്തർ ക്ലബ്ബായ അൽ ദുഹൈലിന്റെ താരമാണ് തഹ്സിൻ. എഎഫ്സി അണ്ടർ 17 ടൂർണമെന്റിൽ ഖത്തറിനായി കളിച്ചിട്ടുണ്ട്.ഖത്തർ ടോപ് ലീഗിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ വംശജനെന്ന നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. കണ്ണൂർ വളപട്ടണം സ്വദേശി ജംഷിദിന്റേയും ഷൈമയുടേയും മകനാണ്. ഇരുവരും കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഫുട്ബോൾ ടീമിന്റെ ഭാഗമായിരുന്നു.
തഹ്സിന്റെ കഠിനാധ്വാനവും കൈവിടാത്ത സ്വപ്നവും...
കഠിനാധ്വാനവും കൈവിടാത്തൊരു സ്വപ്നവുമുണ്ടെങ്കിൽ എന്തും ജീവിതത്തിൽ സാധ്യമാകുമെന്നതിന് ഉദാഹരണമാണ് തഹ്സിൻ എന്ന 17കാരനായ മലയാളിപ്പയ്യൻ.തൊഴിൽ തേടിയെത്തിയ ഒരു മലയാളി പ്രവാസി കുടുംബത്തിലെ ഇളമുറക്കാരനായി ഈ നാട്ടിൽ പിറന്ന്, കളിച്ചും പഠിച്ചും വളർന്ന് കൗമാരത്തിൽ അവൻ ചുവടുവെച്ചു കയറിയത് തുടർച്ചയായി രണ്ടാം തവണയും ഏഷ്യൻ കപ്പ് ജേതാക്കളെന്ന പകിട്ടുമായി തിളങ്ങിനിൽക്കുന്ന ‘അന്നാബി’യുടെ കുപ്പായത്തിലേക്കാണ്.
ഹസൻ അൽ ഹൈദോസും അക്രം അഫീഫും തിളങ്ങുന്ന ടീമിൽ അവരുടെ പിന്മുറക്കാരനായി ഒരു മലയാളി പന്തു തട്ടുന്നുവെന്നത് കഠിനാധ്വാനത്തിനും പരിശ്രമത്തിനുമുള്ള അംഗീകാരം കൂടിയാണ്. ചൊവ്വാഴ്ച രാത്രി വൈകിയായിരുന്നു 29 അംഗ ദേശീയ ടീം പ്രഖ്യാപനം. സീനിയർ താരങ്ങൾക്ക് വിശ്രമം നൽകി, യുവനിരയുമായി ഖത്തർ അങ്കത്തിനിറങ്ങിയപ്പോൾ തഹ്സിനും അൽ അഹ്ലിയുടെ യൂസുഫ് സിയാദും അണ്ടർ 19 ടീമിൽ നിന്നും ഇടം ഉറപ്പിക്കുകയായിരുന്നു.
സീനിയർ താരങ്ങൾക്കിടയിലെ പതിനേഴുകാരനായ കുഞ്ഞനുജൻ കളിക്കളത്തിലെ വേഗത്തിൽ അവരെയും അതിശയിപ്പിക്കുന്നു. വിങ്ങിലൂടെയുള്ള അതിവേഗ നീക്കവും പന്തടക്കവുമാണ് തഹ്സിനെ ടീമംഗങ്ങൾക്കിടയിലെ എംബാപ്പെയാക്കി മാറ്റിയത്. ഇടതു വിങ്ങാണ് തഹ്സിന്റെ ഇഷ്ട പൊസിഷൻ. പന്തുമായി കുതിച്ചുപാഞ്ഞ് ഡ്രിബിൾ ചെയ്ത് സഹതാരങ്ങൾക്ക് ഗോളടിക്കാൻ പാകത്തിൽ എത്തിക്കുന്ന നീക്കങ്ങൾ അണ്ടർ 16, 17 മത്സരങ്ങളിൽതന്നെ ഈ പതിനേഴുകാരനെ താരമാക്കിയിരുന്നു.
ഈ മികവ് കണ്ണിലുടക്കിയ അൽ ദുഹൈൽ പരിശീലകൻ ക്രിസ്റ്റഫ് ഗാൾറ്റിയറാണ് കഴിഞ്ഞ മാർച്ചിൽ തഹ്സിനെ യൂത്ത് ടീമിൽനിന്ന് പ്രായമെല്ലാം മറന്ന് സീനിയർ ടീമിലേക്ക് ക്ഷണിക്കുന്നത്. കുടീന്യോയും മൈക്കൽ ഒലുംഗയും കരിം ബൗദിയാഫുമെല്ലാമുള്ള ടീമിലേക്ക് കുറഞ്ഞ മത്സരങ്ങളിൽതന്നെ അവൻ സാന്നിധ്യമറിയിച്ചു.സ്റ്റാർസ് ലീഗിലും അമീർ കപ്പിലും പുറത്തെടുത്ത മികച്ച പ്രകടനമാണ് ദേശീയ സീനിയർ ടീമിലേക്കുള്ള വഴിയായി മാറിയത്.ഇവിടെ തഹ്സിൻ മികച്ച പ്രകടനം പുറത്തെടുത്താൽ ലോകകപ്പിലേക്ക് ലക്ഷ്യമിടുന്ന ഖത്തർ ദേശീയ ടീമിൽ ഒരു മലയാളി പന്തു തട്ടുന്ന നിമിഷത്തിനാകും പിന്നീട് നാം സാക്ഷ്യം വഹിക്കുന്നത്.