ദുബായ്: ആദ്യ കിരീടമോഹവുമായി യു.എ.ഇ.യിലെത്തിയ ഇന്ത്യക്ക് ആവേശം മങ്ങിയ തുടക്കം. ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ ന്യൂസീലന്‍ഡിനോട് തോല്‍വി. മുന്‍നിര ബാറ്റര്‍മാരെല്ലാം പരാജയപ്പെട്ടതാണ് തോല്‍വിയിലേക്ക് നയിച്ചത്. ആദ്യം ബാറ്റുചെയ്ത ന്യൂസീലന്‍ഡ് ഇന്ത്യന്‍ ബൗളര്‍മാരെ തളർത്തി വലിയ ടോട്ടല്‍ വിജയലക്ഷ്യമുയർത്തി . സ്‌കോര്‍: ന്യൂസീലന്‍ഡ് - 160/4 (20 ഓവര്‍). ഇന്ത്യ - 102/10 (19 ഓവര്‍)
നാലുവിക്കറ്റ് നേടിയ റോസ്‌മേരി മെയിര്‍ ആണ് ഇന്ത്യയെ തകര്‍ത്തത്. ഓപ്പണര്‍മാരായ ഷഫാലി വര്‍മയും സ്മൃതി മന്ഥാനയും ക്യാപ്റ്റനും ഹര്‍മന്‍പ്രീത് കൗറും പവര്‍പ്ലേയ്ക്കകത്തുതന്നെ പുറത്തായതോടെ ഇന്ത്യയുടെ ഗതി ഏതാണ്ട് നിര്‍ണയിക്കപ്പെട്ടിരുന്നു. പിന്നാലെ മധ്യനിരയ്ക്കും പിടിച്ചുനില്‍ക്കാനാവാതെ വന്നതോടെ ഇന്ത്യ തോല്‍വി ഉറപ്പിച്ചു.
ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (15), ജെമീമ റോഡ്രിഗസ് (13), ദീപ്തി ശര്‍മ (13), വിക്കറ്റ് കീപ്പര്‍ റിച്ച ഘോഷ് (12), ഓപ്പണര്‍ സ്മൃതി മന്ഥാന (12), ഷഫാലി വര്‍മ (2), പൂജ വസ്ത്രകാര്‍ (8), ശ്രേയങ്ക പാട്ടീല്‍ (7), ആശ ശോഭന (6*) എന്നിങ്ങനെയാണ് ഇന്ത്യന്‍ വനിതകളുടെ സംഭാവനകള്‍. ന്യൂസീലന്‍ഡിനായി റോസ്‌മേരി മെയിര്‍ നാലുവിക്കറ്റ് നേടി. ലീ തഹുഹു മൂന്ന് വിക്കറ്റും ഈഡന്‍ കാര്‍സന്‍ രണ്ട് വിക്കറ്റും നേടി. അമേലിയ കെറിന് ഒരുവിക്കറ്റ്.
ടോസ് നേടി ആദ്യം ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസീലന്‍ഡ് ഇന്ത്യക്ക് മുന്നില്‍ 167 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി. ക്യാപ്റ്റന്‍ സോഫി ഡിവൈനിന്റെ അര്‍ധ സെഞ്ചുറിയാണ് (36 പന്തില്‍ 57) ന്യൂസീലന്‍ഡിനെ മികച്ച നിലയിലെത്തിച്ചത്. ഇന്ത്യക്കായി രേണുക താക്കൂര്‍ സിങ് രണ്ട് വിക്കറ്റുകള്‍ നേടി. മലയാളി താരം ആശാ ശോഭനയ്ക്ക് ഒരു വിക്കറ്റുണ്ട്.
ഇന്ത്യക്കായി രേണുക സിങ് നാലോവറില്‍ 27 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റുകള്‍ നേടി. അരുന്ധതി റെഡ്ഢി, ആശാ ശോഭന എന്നിവര്‍ ഓരോ വിക്കറ്റും നേടി. നാലോവറില്‍ 22 റണ്‍സ് വഴങ്ങിയാണ് ആശയുടെ വിക്കറ്റ്. ന്യൂസീലന്‍ഡ് ഓപ്പണര്‍ ജോര്‍ജിയ പ്ലിമ്മറിനെ സ്മൃതി മന്ഥാനയുടെ കൈകളിലെത്തിച്ച് മടക്കുകയായിരുന്നു.