ദുബായ്: വനിതാ ടി-20 ലോകകപ്പിൽ ശ്രീലങ്കയെ 82 റൺസിന് വീഴ്ത്തി ഇന്ത്യ സെമിഫൈനൽ പ്രതീക്ഷ നിലനിർത്തി. സ്കോർ: ഇന്ത്യ 20 ഓവറിൽ മൂന്നിന് 172. ശ്രീലങ്ക 19.5 ഓവറിൽ 90-ന് പുറത്ത്. ഗ്രൂപ്പ് എ-യിലെ ആദ്യകളിയിൽ ന്യൂസീലൻഡിനോട് തോറ്റിരുന്ന ഇന്ത്യ രണ്ടാം മത്സരത്തിൽ പാകിസ്താനെ കീഴടക്കിയിരുന്നു.
ലങ്കൻ ഇന്നിങ്സിൽ കവിഷ ദിൽഹാരിയും (21) അനുഷ്‌ക സഞ്ജീവനിയും (20) അമ കാഞ്ചനയും (19) മാത്രമാണ് രണ്ടക്കം കടന്നത്. ഇന്ത്യക്കായി മലയാളി സ്പിന്നർ ആശാ ശോഭനയും അരുന്ധതി റെഡ്ഡിയും മൂന്നുവിക്കറ്റെടുത്തു.
ടോസ് നേടി ആദ്യം ബാറ്റുചെയ്ത ഇന്ത്യ ഓപ്പണർ സ്മൃതി മന്ഥാനയുടെയും (50) ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെയും (52 നോട്ടൗട്ട്) അർധസെഞ്ചുറിയുടെ മികവിലാണ് മികച്ച സ്കോർ സ്വന്തമാക്കിയത്. ഹർമൻപ്രീത് കളിയിൽ തിളങ്ങി.
സെമി ഉറപ്പാക്കാൻ മികച്ച റൺറേറ്റിൽ വിജയം ആവശ്യമായ ഇന്ത്യക്ക് ഷെഫാലി വർമയും സ്മൃതി മന്ഥാനയും ചേർന്ന ഓപ്പണിങ് കൂട്ടുകെട്ട് മികച്ച തുടക്കമാണ് നൽകിയത്. ലങ്കൻ ബൗളർമാരെ കാഴ്ചക്കാരാക്കി 12.4 ഓവറിൽ 98 റൺസാണ് ഇരുവരും കൂട്ടിച്ചേർത്തത്. 38 പന്തിൽ നാലു ഫോറും ഒരു സിക്സും അടങ്ങുന്നതാണ് സ്മൃതിയുടെ ഇന്നിങ്‌സ്. ഷെഫാലി 40 പന്തിൽ നാല് ഫോറുകളുടെ അകമ്പടിയോടെ 43 റൺസെടുത്തു. ഇരുവരും അടുത്തടുത്ത പന്തുകളിൽ പുറത്തായ ശേഷമെത്തിയ ഹർമൻപ്രീതും ജെമിമ റോഡ്രിഗസും (16) ഇന്ത്യൻ സ്കോർ അതിവേഗം ചലിപ്പിച്ചു. 27 പന്തിൽ ഒരു സിക്സും എട്ടുഫോറും അടങ്ങിയതാണ് ഹർമൻപ്രീതിന്റെ ഇന്നിങ്‌സ്. പാകിസ്താനെതിരായ കളിയിൽ കഴുത്തിനേറ്റ പരിക്ക് ഹർമൻപ്രീതിന്റെ പ്രകടനത്തെ ബാധിച്ചില്ല.