ഷാർജ: വനിതാ ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റിൽ ഓസ്‌ട്രേലിയക്ക് തുടർച്ചയായ രണ്ടാംജയം. കരുത്തരുടെ പോരാട്ടത്തിൽ ന്യൂസീലൻഡിനെ 60 റൺസിന് തോൽപ്പിച്ചു. 149 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ കിവീസ് 19.2 ഓവറിൽ 88 റൺസിന് പുറത്തായി.
സൂസി ബെയ്റ്റ്‌സ് (20), അമേലിയ കെർ (29) എന്നിവർക്കുമാത്രമേ ന്യൂസീലൻഡ് ഇന്നിങ്‌സിൽ ചുവടുറപ്പിച്ചുള്ളൂ. ഓസീസിനായി അനാബെൽ സതർലൻഡും മെഗാൻ ഷട്ടും മൂന്നുവീതം വിക്കറ്റ് വീഴ്ത്തി. സോഫി മോളിന്യൂക്‌സിന് രണ്ടുവിക്കറ്റുണ്ട്.
ആദ്യം ബാറ്റുചെയ്ത ഓസ്ട്രേലിയ 20 ഓവറിൽ എട്ടിന് 148 റൺസെടുത്തു. ബെത്ത് മൂണി (40), എലീസ് പെറി (30) എന്നിവരുടെ മികച്ച ബാറ്റിങ്ങാണ് ടീമിനെ മോശമല്ലാത്ത സ്കോറിലെത്തിച്ചത്.
5.2 ഓവറിൽ ഒരു വിക്കറ്റിന് 41 റൺസെന്നനിലയിൽ ഓസീസിന് മികച്ചതുടക്കം ലഭിച്ചു. ക്യാപ്റ്റൻ അലീസ ഹീലിയും (26) തിളങ്ങി. രണ്ടാം വിക്കറ്റിൽ മൂണിയും എലീസ് പെറിയും ചേർന്ന് 45 റൺസ് കൂട്ടിച്ചേർത്തു. അതിനുശേഷം ബാറ്റിങ് തകർന്നു. രണ്ടിന് 86 എന്ന നിലയിൽനിന്ന് 62 റൺസെടുക്കുന്നതിനിടെ ആറുവിക്കറ്റ് നഷ്ടമായി. ഇതോടെ അവസാന ഓവറുകളിൽ കാര്യമായി സ്‌കോർ ഉയർത്താനുമായില്ല.
ഫോബെ ലിച്ച്ഫീൽഡ് (18), ഗ്രെസ് ഹാരീസ് (പൂജ്യം), ആഷ്‌ലെ ഗാർഡ്‌നർ (ആറ്്), ജോർജിയ വാറെഹാം (നാല്) എന്നിവർ പെട്ടെന്ന് പുറത്തായി. ന്യൂസീലൻഡിനായി അമേലിയ കെർ 26 റൺസിന് നാലുവിക്കറ്റ് വീഴ്ത്തി. റോസ് മേരി മെയ്ർ, ബ്രൂക്ക് ഹോളിഡെ എന്നിവർ രണ്ടുവീതം വിക്കറ്റ് വീഴ്ത്തി.