വനിതാ ഏഷ്യാകപ്പിൽ നേപ്പാളിനെ 82 റൺസിന് തകർത്ത് സെമിയിൽ കടന്ന് ഇന്ത്യ.179 റൺസ് ലക്ഷ്യവുമായി ഇറങ്ങിയ നേപ്പാളിന് നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 96 റൺസെടുക്കാനെ സാധിച്ചുള്ളു. മൂന്ന് വിക്കറ്റ് നേടിയ ദീപ്തി ശർമ്മയും സംഘവും ചേർന്നാണ് നേപ്പാളിന്റെ ഏഷ്യ കപ്പ് മോഹത്തെ തകർത്തത്.
നേരത്തെ ഷഫാലി വർമയുടെ (48 പന്തിൽ 81) വെടിക്കെട്ട് അർദ്ധ സെഞ്ച്വറിയുടെ ബലത്തിലാണ് മികച്ച സ്കോർ നേടിയത്. മൂന്ന് വിജയവുമായി ഗ്രൂപ്പ് ജേതാക്കളായാണ് ഇന്ത്യൻ സെമി ബെർത്തുറപ്പിച്ചത്. ഗ്രൂപ്പ് എയിൽ പാകിസ്താനെയും യുഎഇയെയും ഇന്ത്യ തകർത്തുവിട്ടിരുന്നു.
ടൂർണമെന്റിൽ ആദ്യമായി അവസരം കിട്ടിയ മലയാളി താരം സജന സജീവന് തിളങ്ങാനായില്ല. താരം 12 പന്തിൽ 10 റൺസെടുത്ത പുറത്തായി. ജെമീമ റോഡ്രിഗ്സ് 28 റൺസെടുത്തപ്പോൾ ഹേമലത 47 റൺസ് നേടി. റിച്ചാ ഘോഷ് പുറത്താകാതെ ആറ് റൺസ് നേടി. ഇന്ന് സ്മൃതി മന്ദാനയാണ് ഇന്ത്യയെ നയിച്ചത്.
മറുപടി ബാറ്റിംഗിൽ 18 റൺസെടുത്ത സീത റാണ മഗറാണ് നേപ്പാളിന്റെ ടോപ് സകോറർ. ഇന്ധു ബർമ 14 റൺസെടുത്തപ്പോൾ റുബിനാ ഛേത്രി 15 റൺസെടുത്തു. 17 റൺസുമായി ബിന്ദു റാവൽ പുറത്താകാതെ നിന്നു. ഇന്ത്യക്കായി അരുന്ധതി റെഡ്ഡിയും രാധാ യാദവും രണ്ടുവീതം വിക്കറ്റ് നേടി. ഓരോവർ എറിഞ്ഞ സജന സജീവൻ 11 റൺസ് വിട്ടുനൽകി.