കൊളംബോ: ഏഷ്യാ കപ്പ് വനിതാ ക്രിക്കറ്റ് ടൂർണമെന്റിന് ഇന്ന് ശ്രീലങ്കയിൽ തുടക്കമാകും.പാകിസ്താനെതിരായ മത്സരത്തോടെ കിരീടം നിലനിർത്താനുള്ള പോരാട്ടങ്ങൾക്ക് ഇന്ത്യ ഇറങ്ങുമ്പോൾ ടീമിലെ മലയാളി സാന്നിധ്യമാണ് ചർച്ചയാകുന്നത്.ഏഷ്യാ കപ്പ് ക്രിക്കറ്റിൽ അരങ്ങേറ്റം ഗംഭീരമാക്കാനൊരുങ്ങുകയാണ് മലയാളി താരങ്ങളായ ആശ ശോഭനയും സജന സജീവനും.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചതാണ് ഓൾറൗണ്ടറായ സജന സജീവനും ലെഗ് സ്പിന്നർ ആശ ശോഭനയ്ക്കും ഏഷ്യാ കപ്പിലേക്കും വഴിതുറന്നത്. കഴിഞ്ഞ വനിതാ ഐപിഎല്ലിന് ശേഷമാണ് ഇരുതാരങ്ങളും ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ചത്. വയനാട് മാനന്തവാടി സ്വദേശിയായ സജന മുംബൈ ഇന്ത്യൻസിന്റെ താരമായിരുന്നു. കിരീടമുയർത്തിയ റോയൽ ചലഞ്ചേഴ്‌സിന്റെ ടീമിൽ തിരുവനന്തപുരത്തുകാരിയായ ആശയുമുണ്ടായിരുന്നു.
ശ്രീലങ്കയിലെ ധാംബുള്ളയിൽ ഉച്ചയ്ക്ക് രണ്ട് മണിക്ക് നടക്കുന്ന യുഎഇ- നേപ്പാൾ മത്സരത്തോടെയാണ് ടൂർണമെന്റ് ആരംഭിക്കുക. രാത്രി ഏഴ് മണിക്ക് പാകിസ്താനെതിരെയാണ് നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയുടെ ആദ്യ പോരാട്ടം. ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടന്ന വനിതാ പരമ്പരയിലെ ആധികാരിക വിജയങ്ങളുടെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ പാകിസ്താനെതിരായ ആദ്യ മത്സരത്തിനിറങ്ങുക. ഒക്ടോബറിൽ ആരംഭിക്കുന്ന ട്വന്റി 20 ലോകകപ്പിന് മുന്നൊരുക്കം കൂടിയായിരിക്കും ടീം ഇന്ത്യയ്ക്ക് ഏഷ്യാ കപ്പ് ടൂർണമെന്റ്.
ടീം ഇന്ത്യ: ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), സ്മൃതി മന്ദാന, ഷഫാലി വർമ, ജെമീമ റോഡ്രിഗസ്, റിച്ച ഘോഷ് (വിക്കറ്റ് കീപ്പർ), ഉമാ ഛേത്രി (വിക്കറ്റ് കീപ്പർ), പൂജ വസ്ത്രാകർ, ദീപ്തി ശർമ, അരുന്ധതി റെഡ്ഡി, രേണുക സിങ്, ഡി ഹേമലത, ആശ ശോഭന, രാധാ യാദവ്, ശ്രേയങ്ക പാട്ടീൽ, സജീവൻ സജന.