ഇന്ത്യൻ ഫുട്‌ബോൾ ടീമിന്റെ പുതിയ മുഖ്യ പരിശീലകനാണ് മാനോളോ മാർക്കേസ്.കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്.ഡൽഹിയിൽ ചേർന്ന അഖിലേന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ എക്‌സിക്യൂട്ടീവ് കമ്മറ്റി യോഗത്തിലാണ് മാനോളോയെ പരിശീലകനായി തിരഞ്ഞെടുത്തത്.ഐഎസ്എൽ ക്ലബ്ബ് എഫ്‌സി ഗോവയുടെ മുഖ്യ പരിശീലകനായ മാനോളോയെ ഇന്ത്യ സ്വന്തമാക്കുകയായിരുന്നു.2020 മുതൽ ഐഎസ്എല്ലിൽ പരിശീലിപ്പിക്കുന്ന മാനോളോയ്ക്ക് ഇന്ത്യയിലെ സാഹചര്യങ്ങൾ നന്നായി അറിയാമെന്നതാണ് തിരഞ്ഞെടുപ്പിന് പിന്നിലെ പ്രധാന കാരണം.സ്പാനിഷുകാരനായ 55കാരൻ ഇന്ത്യയുടെ മികച്ച പരിശീലകനായിരിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
മുമ്പ് ഹൈദാരാബാദ് എഫ്‌സിയുടെ പരിശീലകനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.അത്ര നിസാരക്കാരനല്ല ഇന്ത്യയുടെ പുതിയ ഫുഡ്ബോൾ മുഖ്യ പരിശീലകനായ മാനോളോ മാർക്കേസ്.ഏറെ നാളത്തെ അനുഭവസമ്പത്ത് ഉള്ള പരിശീലകനാണ് അദ്ദേഹം. പ്രമുഖ ക്ലബ്ബുകളെ പരിശീലിപ്പിച്ചാണ് അദ്ദേഹം ഐഎസ്എല്ലിലേക്കെത്തിയത്. ലാസ് പൽമാസ്, ലാസ് പൽമാസ് ബി ടീം, എസ്പാന്യോൾ ബി, മൂന്നാം ഡിവിഷൻ ക്ലബ്ബായ യൂറോപ്പ തുടങ്ങിയവയിലെല്ലാം അദ്ദേഹം പരിശീലകനായിരുന്നിട്ടുണ്ട്.
2021-22 സീസണിൽ ഹൈദരാബാദിനെ ചാമ്പ്യന്മാരാക്കിയ പരിശീലകനാണ് മാനോളോ മാർക്കേസ്. പിന്നീട് ഗോവയിലേക്കെത്തിയ അദ്ദേഹം തോൽവി അറിയാതെ 12 ജയങ്ങൾ ഗോവക്ക് നേടിക്കൊടുത്തു. ഇപ്പോൾ ഗോവയുടെ സമ്മത പ്രകാരമാണ് ഇന്ത്യൻ ടീമിന്റെ പരിശീലകസ്ഥാനത്തേക്കുമെത്താൻ അദ്ദേഹത്തിന് സാധിച്ചത്. സ്പാനിഷ് കളി ശൈലിയോടെയെത്തുന്ന മാനോളോക്ക് ഇന്ത്യൻ ഫുട്‌ബോളിനെ ഉന്നതയിലേക്കെത്തിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കാം.
സുനിൽ ഛേത്രി പടിയിറങ്ങിയതോടെ ഇന്ത്യൻ ടീമിന് ഉടച്ചുവാർക്കൽ അത്യാവശ്യമായി വന്നിരിക്കുകയാണ്. പുതിയ യുവതാരങ്ങളെ കണ്ടുപിടിച്ച് വളർത്തി ടീമിനെ ശക്തമാക്കുകയെന്ന വലിയ ഉത്തരവാദിത്തമാണ് മാനോളോക്ക് മുന്നിലുള്ളത്. സ്പാനിഷ് ശൈലിയിലേക്ക് ഇന്ത്യൻ ടീമിനെ ഉടച്ചുവാർക്കാൻ അദ്ദേഹത്തിന് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. നിലവിൽ പല പ്രതിസന്ധികളും നേരിടുന്ന ഇന്ത്യൻ ഫുട്‌ബോൾ ടീമിനെ പുതിയ തലത്തിലേക്ക് വളർത്താൻ അദ്ദേഹത്തിന് സാധിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.
ഇഗോർ സ്റ്റിമാച്ചിന്റെ പകരക്കാരനായി എത്തുമ്പോൾ വലിയ ഉത്തരവാദിത്തമാണ് മാനോളോക്ക് മുന്നിലുള്ളത്. നിലവിൽ മികച്ച യുവ പ്രതിഭകൾ സ്പാനിഷ് ടീമിലുണ്ട്. ടീമിനെ എങ്ങനെ മുന്നോട്ട് കൊണ്ടുപോകണം എന്ന വ്യക്തമായ ധാരണയോടൊപ്പം വലിയ മത്സരങ്ങളിൽ ജയിപ്പിക്കാൻ കെൽപ്പുള്ള പരിശീലകനാണ് അദ്ദേഹം. ഇന്ത്യൻ യുവതാരങ്ങളുടെ പ്രതിഭ ഐഎസ്എല്ലിലൂടെ അടുത്തറിഞ്ഞിട്ടുള്ള മാനോളോക്ക് ടീമിനെ വലിയ വിജയങ്ങളിലേക്കെത്തിക്കാൻ സാധിക്കുമെന്ന് തന്നെ കരുതാം.
നിലവിൽ അദ്ദേഹത്തിന്റെ കരാർ കാലാവധി തീരുമാനിച്ചിട്ടില്ല. എഐഎഫ്എഫ് പൂർണ്ണ പിന്തുണ അദ്ദേഹത്തിന് നൽകിയിട്ടുണ്ട്. ടീമിനുള്ളിൽ വലിയ ഉടച്ചുവാർക്കൽ നടത്താൻ മാനോളോക്ക് സാധിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.