കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിലേക്ക് പുതിയ രണ്ട് പരിശീലകർ എത്തി. ഫുട്ബാൾ രംഗത്ത് ഏറെക്കാലത്തെ അനുഭവ സമ്പത്തുള്ള കോച്ചുമാരായ ബിയോൺ വെസ്ട്രോം സഹപരിശീലകനായും ഫ്രെഡറികോ പെരേര മൊറൈസ് സെറ്റ്പീസ് അസി. കോച്ചുമായുമാണ് നിയമിതരായത്. ഇവരുമായുള്ള കരാർ സംബന്ധിച്ച് കെ.ബി.എഫ്.സി തന്നെയാണ് ഔദ്യോഗിക അറിയിപ്പ് പുറത്തുവിട്ടത്.
സ്വീഡിഷ് ഫുട്ബാൾ താരമായ വെസ്ട്രോം ഫുട്ബാൾ മാനേജ്മെൻറിലും പരിശീലനത്തിലും വിദഗ്ധനാണ്. സ്വീഡനിലെ പ്രശസ്ത ഫുട്ബാൾ ക്ലബായ എ.ഐ.കെയുടെ സ്പോർട്സ് മാനേജരായിരുന്ന കാലത്ത് സ്വീഡിഷ് കപ്പ്, സൂപ്പർകപ്പ്, ആൾസ്വെൻസ്കാൻ ലീഗ് തുടങ്ങിയവയുടെ വിജയത്തിലേക്ക് നയിച്ചിട്ടുണ്ട്. ക്ലബിൻറെ ചീഫ് സ്കൗട്ടിങ്, സ്പോർട്ടിങ് ഡയറക്ടർ, സി.ഇ.ഒ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഡാനിഷ് ക്ലബ് ഒഡെൻസ് ബോൾഡ്ക്ലബിൻറെ ഡയറക്ടറായും മികച്ച നേട്ടങ്ങൾ ടീമിന് സമ്മാനിച്ചിട്ടുണ്ട്.
പോർചുഗീസുകാരനായ ഫ്രെഡറികോ പെരേര പോർചുഗീസ് ക്ലബായ ബോവിസ്റ്റ എഫ്.സിയിൽ ഹെഡ് കോച്ചായി കരിയർ ആരംഭിച്ചു. പിന്നീട് എ.എസ് മൊണാകോയിലേക്ക് ട്രെയിനറായി ചുവടുമാറി. തുടർന്ന് ലെയ്ടൺ ഓറിയൻറ് എന്ന ക്ലബിൽ യൂത്ത് ട്രെയിനിങ് കോഓഡിനേറ്ററായും അസി. കോച്ചായും തുടർന്നു.
ഏറ്റവുമൊടുവിൽ നോർവീജിയൻ ക്ലബായ സാർപ്സ്ബോർഗ് 08ലെ ട്രെയിനിങ് കോച്ചായിരുന്നു.ക്ലബിൻറെ മുഖ്യപരിശീലകൻ മൈക്കേൽ സ്റ്റാറേ ഇരുവരുടെയും പുതിയ നിയമനത്തെ സ്വാഗതം ചെയ്തു. ഇരുവരുടെയും പരിശീലനം ക്ലബിലെ താരങ്ങൾക്ക് പുതിയ ഉണർവും കുതിപ്പും സമ്മാനിക്കുമെന്ന പ്രതീക്ഷയിലാണ് ബ്ലാസ്റ്റേഴ്സ് മാനേജ്മെൻറ്.