ജമൈക്ക : ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പര തൂത്തുവാരിയിരി വെസ്റ്റ് ഇന്‍ഡീസ്. അതും ക്യാപ്റ്റന്‍ റോവ്മാന്‍ പവല്‍, ഷിംറോണ്‍ ഹെറ്റ്മെയര്‍, ആന്ദ്രേ റസ്സല്‍ എന്നിവരൊന്നും ഇല്ലാതെ തന്നെ. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ എല്ലാം മത്സരങ്ങളും ബ്രന്‍ഡന്‍ കിംഗിന്റെ നേതൃത്വത്തില്‍ ഇറങ്ങിയ വിന്‍ഡീസ് സ്വന്തമാക്കി. ജമൈക്കയില്‍ നടന്ന അവസാന മത്സരത്തില്‍ എട്ട് വിക്കറ്റിനായിരുന്നു ആതിഥേയര്‍ വിജയിച്ചത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ വിന്‍ഡീസ് 13.5 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.
ജോണ്‍സണ്‍ ചാള്‍സ് (26 പന്തില്‍ 69) കിംഗ് (28 പന്തില്‍ 44) സഖ്യം ഗംഭീര തുടക്കമാണ് വിന്‍ഡീസിന് നല്‍കിയത്. ഇരുവരും ആദ്യ വിക്കറ്റില്‍ 92 റണ്‍സ് ചേര്‍ത്തു. അപ്പോള്‍ തന്നെ വിന്‍ഡീസ് ജയമുറപ്പിച്ചതാണ്. ഏഴാം ഓവറിലാണ് കൂട്ടുകെട്ട് പിരിയുന്നത്. പിന്നീടെത്തിയ കെയ്ല്‍ മയേഴ്സ് (23 പന്തില്‍ 36) വിജയം വേഗത്തിലാക്കാന്‍ സഹായിച്ചു. ഇതിനിടെ ചാള്‍സ് മടങ്ങി. അഞ്ച് സിക്സും ഒമ്പത് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ചാള്‍സിന്റെ ഇന്നിംഗ്സ്. അലിക് അതനാസെ (6) പുറത്താവാതെ നിന്നു. നേരത്തെ, മൂന്ന് വിക്കറ്റ് നേടിയ ഒബെദ് മക്കോയാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. സ്ഥിരം ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രമിന്റെ അഭാവത്തില്‍ ടീമിനെ നയിച്ച വാന്‍ ഡര്‍ ഡസ്സനാണ് (31 പന്തില്‍ 51) ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. വിയാന്‍ മള്‍ഡര്‍ 36 റണ്‍സെടുത്തു.