ഐപിഎൽ 2024 കിരീടം നേടിയതിന് പിന്നാലെ ടീമിനും ആരാധകർക്കും നന്ദി പറഞ്ഞ് ക്യാപ്റ്റൻ ശ്രേയസ് അയ്യർ.ടീമിലെ ഓരോ താരവും അവരുടെ റോൾ ഗംഭീരമാക്കിയെന്നും സീസണിലുടനീളം കാഴ്ചവച്ച ആധിപത്യം ഫൈനലിലും തങ്ങൾക്ക് തുടരാൻ സാധിച്ചെന്നും ശ്രേയസ് പറഞ്ഞു.കൊൽക്കത്തയുടെ മൂന്നാം ഐപിഎൽ കിരീടമാണിത്.
‘എന്റെ മുഴുവൻ കെകെആർ കുടുംബത്തിനും വേണ്ടി, ഈ ഒരു നിമിഷത്തിന് വേണ്ടിയാണ് ഞങ്ങൾ പ്രയത്‌നിച്ചത്. ഞങ്ങൾ പരസ്പരം കളിച്ചു ത്യാഗം ചെയ്തു. ഇതൊല്ലാം ഈ ട്രോഫി സ്വന്തമാക്കാൻ വേണ്ടിയാണ്. ഉടമകൾ, മാനേജ്മെന്റ് , കോച്ചിംഗ് സ്റ്റാഫ്, സഹതാരങ്ങൾ, ആരാധകർ എല്ലാവർക്കും എന്റെ ഹൃദയത്തിന്റെ ഭാഷയിൽ നന്ദി’ – ശ്രേയസ് എക്‌സിൽ കുറിച്ചു.
ചെപ്പോക്കിലെ എം എ ചിദംബരം സ്റ്റേഡിയത്തിൽ എട്ട് വിക്കറ്റിനായിരുന്നു കൊൽക്കത്തയുടെ ജയം. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഹൈദരാബാദ് 18.3 ഓവറിൽ 113ന് ഓൾഔട്ടായി. മറുപടി ബാറ്റിംഗിൽ കൊൽക്കത്ത 10.3 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. ബാറ്റിംഗിൽ വെടിക്കെട്ട് തീർക്കുന്ന ഹൈദരാബാദ് താരങ്ങളെ തലപൊക്കാൻ അനുവദിക്കാതെയാണ് കൊൽക്കത്ത ബൗളർമാർ വിജയം തങ്ങളുടെ വരുതിയിലാക്കിയത്.