ന്യൂഡല്‍ഹി : ഡീപ്‌ഫെയ്ക് വിഡിയോ കുരുക്കില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലിയും. ഭാവി ഇന്ത്യന്‍ നായകനായി വിലയിരുത്തപ്പെടുന്ന യുവതാരം ശുഭ്മന്‍ ഗില്ലിനെ ബോധപൂര്‍വം ഇകഴ്ത്തി സംസാരിക്കുന്ന കോലിയുടെ ഡീപ്‌ഫെയ്ക് വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഒരു പതിറ്റാണ്ടിലേറെയായി രാജ്യാന്തര ക്രിക്കറ്റില്‍ സ്ഥിരതയോടെ കളിക്കുന്ന തനിക്കൊപ്പം ഗില്ലിനെ താരതമ്യം ചെയ്യാനാകില്ല എന്നത് ഉള്‍പ്പെടെ, യുവതാരത്തെ താഴ്ത്തിക്കെട്ടുന്ന ഒട്ടേറെ പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുന്നതാണ് വിഡിയോ.
സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്ന വിഡിയോ, നിര്‍മിത ബുദ്ധിയുടെ അപകടകരമായ സാധ്യതകള്‍ ഒരിക്കല്‍ക്കൂടി വെളിപ്പെടുത്തുന്നതായി ഒട്ടേറെ ആരാധകര്‍ കുറിച്ചു. യഥാര്‍ഥ വിഡിയോയേപ്പോലും വെല്ലുന്ന വിധത്തിലാണ് ഡീപ്‌ഫെയ്ക് വിഡിയോയുടെ നിര്‍മാണം.
ശുഭ്മാന്‍ ഗില്ലിന്റെ കഴിവുകള്‍ വിരാട് കോലിയുടെ അത്രയില്ലെന്നും അടുത്ത വിരാട് കോലി എന്ന് പറയാനാകില്ലെന്നും ഡീപ്‌ഫേക്ക് വീഡിയോയില്‍ പറയുന്നു. ക്രിക്കറ്റില്‍ ഗില്ലില്‍ ഭാവി വാഗ്ദാനം ആകാമെങ്കിലും ലെജന്‍ഡ് എന്ന് അറിയപ്പെടാന്‍ ഗില്ലിന് പ്രയാസമായിരിക്കും എന്ന തരത്തിലും വീഡിയോയില്‍ പറയുന്നു. ഒറിജിലിനെ വെല്ലുന്ന തരത്തിലുള്ള വീഡിയോയാണ് പുറത്തുവന്നിരുന്നത്.